
ശ്രീനിവാസൻ വധക്കേസ്: പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അറസ്റ്റിൽ
|കേസിൽ ഇതുവരെ 27 പേരാണ് അറസ്റ്റിലായത്
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ദീഖാണ് അറസ്റ്റിലായത്. രാവിലെ 10 മണിയോടെ പട്ടാമ്പിയിലെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
കൊലക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അബൂബക്കറിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ഇതുവരെ 27 പേർ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശി സിറാജുദ്ദീനെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെയും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ 38ാം പ്രതിയാണ് ഇയാൾ.
ഏപ്രിൽ 16നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികൾ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.