< Back
Kerala
പാലത്തായി പീഡനക്കേസ്: പത്മരാജന് ശിക്ഷ വിധിച്ചത് ജനകീയ പോരാട്ടങ്ങളുടെ വിജയം; വെൽഫെയർ പാർട്ടി

Photo: Special Arrangement

Kerala

പാലത്തായി പീഡനക്കേസ്: 'പത്മരാജന് ശിക്ഷ വിധിച്ചത് ജനകീയ പോരാട്ടങ്ങളുടെ വിജയം'; വെൽഫെയർ പാർട്ടി

Web Desk
|
15 Nov 2025 4:38 PM IST

കേസിൽ പത്മരാജനെ സംരക്ഷിക്കാനുള്ള നീക്കമാണ് തുടക്കം മുതൽ ആഭ്യന്തര വകുപ്പിൻ്റേയും പൊലീസിൻ്റേയും ഭാഗത്തുനിന്നുണ്ടായതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു

തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവായ പ്രതി കുനിയിൽ പത്മരാജന് ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ പോക്സോ കോടതി വിധിച്ചത് ജനകീയ പോരാട്ടങ്ങളുടെ വിജയമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്. കേസിൽ പത്മരാജനെ സംരക്ഷിക്കാനുള്ള നീക്കമാണ് തുടക്കം മുതൽ ആഭ്യന്തര വകുപ്പിൻ്റേയും പൊലീസിൻ്റേയും ഭാഗത്തുനിന്നുണ്ടായതെന്ന് ജബീന ഇർഷാദ് പറഞ്ഞു.

2020ൽ സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം പാനൂർ പൊലീസിൽ പരാതിപ്പെട്ടതനുസരിച്ച് കേസ് എടുത്തുവെങ്കിലും അറസ്റ്റ് ചെയ്തില്ല. അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടാനുള്ള പരമാവധി സാവകാശം പത്മരാജന് പൊലീസ് നൽകുകയായിരുന്നു. വെൽഫെയർ പാർട്ടിയും വിമൻ ജസ്റ്റിസ് മൂവ്മെൻ്റുമടക്കം ജനകീയ പ്രതിഷേധങ്ങൾ നടത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. കേസിൽ കുട്ടിയുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് വരുത്തിതീർക്കാനാണ് പൊലീസ് ആദ്യം മുതൽ ശ്രമിച്ചത്. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നുണ്ടായിട്ടും അതുണ്ടായില്ല. കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കുമായിരുന്നെന്ന സാഹചര്യത്തിൽ വീണ്ടും ജനകീയ പ്രക്ഷോഭമുണ്ടായപ്പോഴാണ് പൊലിസ് കുറ്റപത്രം സമർപ്പിച്ചതെന്ന് ജബീന ഇർഷാദ് കൂട്ടിച്ചേർത്തു.

പക്ഷേ പോക്സോ കേസ് ഒഴിവാക്കി ജുവനൈൽ ജസ്റ്റിസ് ആക്ട് മാത്രം ഉൾപ്പെടുത്തിയതായിരുന്നു കുറ്റപത്രം. വീണ്ടും വലിയ പ്രതിഷേധങ്ങളുണ്ടായപ്പോഴാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എസ്. ശ്രീജിത്തിൻ്റെ കീഴിലുള്ള ക്രൈംബ്രാഞ്ചും ബിജെപി നേതാവിനെ സംരക്ഷിക്കാനായി കേസ് അട്ടിമറിക്കാനാണ് പണിയെടുത്തത്. കുട്ടിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നുവരെ സമർത്ഥിക്കാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചു. കുട്ടിയെ അപമാനിക്കാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധമുയർന്നു. പിന്നീട് രണ്ട് വനിത ഐപിഎസ് ഓഫീസർമാരെ വെച്ചെങ്കിലും ആ അന്വേഷണവും തൃപ്തികരമായിരുന്നില്ല. തുടർന്ന് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കുന്നത്. തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി.കെ രത്നകുമാരൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഏറ്റവും അവസാനം പോക്സോ ചേർത്ത് കുറ്റപത്രം സമർപ്പിച്ചതെന്നും ജബീന ഇർഷാദ് വ്യക്തമാക്കി.

സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങൾ നമ്മുടെ നീതിന്യായ വ്യവസ്ഥക്കകത്ത് നീതി ലഭ്യമാകാൻ എത്ര പൊരുതണമെന്ന യാഥാർത്ഥ്യത്തിലേക്കാണ് പാലത്തായി കേസ് വിരൽചൂണ്ടുന്നത്. പീഡനക്കേസ് പ്രതിയായ ബിജെപി നേതാവിനെ രക്ഷിക്കാനായി ആഭ്യന്തര വകുപ്പും പൊലീസും നടത്തിയ മോശപ്പെട്ട കളികളും കേസിലൂടെ വെളിപ്പെട്ട കാര്യമാണെന്നും ജബീന ഇർഷാദ് ചൂണ്ടിക്കാട്ടി.

Similar Posts