< Back
Kerala
ലോകം ഇന്നൊരു യുദ്ധമുഖത്താണ്, പരസ്പരം വിട്ടുവീഴ്ചകൾ ചെയ്തിട്ട് ആണെങ്കിലും സമാധാനം പുലരട്ടെ: പാളയം ഇമാം ഡോ. വി. പി സുഹൈബ് മൗലവി
Kerala

'ലോകം ഇന്നൊരു യുദ്ധമുഖത്താണ്, പരസ്പരം വിട്ടുവീഴ്ചകൾ ചെയ്തിട്ട് ആണെങ്കിലും സമാധാനം പുലരട്ടെ': പാളയം ഇമാം ഡോ. വി. പി സുഹൈബ് മൗലവി

Web Desk
|
20 March 2026 9:40 AM IST

ട്രംപിൻ്റെയും നെതന്യാഹുവിൻ്റെയും നേതൃത്വത്തിൽ നടത്തിയ ഇറാൻ ആക്രമണം ലോകത്തെ യുദ്ധമുഖത്തിലേക്ക് നയിച്ചിരിക്കുന്നുവെന്നും ഷുഹൈബ് മൗലവി

തിരുവനന്തപുരം: വിട്ടുവീഴ്ചകൾ ചെയ്തിട്ട് ആണെങ്കിലും ലോകതത്ത് സമാധാനം പുലരട്ടെയെന്ന് പാളയം ഇമാം ഡോ. വി. പി സുഹൈബ് മൗലവി. പെരുന്നാൾ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ലോകം ഇന്നൊരു യുദ്ധമുഖത്താണ്. ട്രംപിൻ്റെയും നെതന്യാഹുവിൻ്റെയും നേതൃത്വത്തിൽ നടത്തിയ ഇറാൻ ആക്രമണം ലോകത്തെ യുദ്ധമുഖത്തിലേക്ക് നയിച്ചിരിക്കുന്നു. സ്കൂൾ കുട്ടികളെ പോലും ബോംബിട്ട് കൊന്നു. ലോകത്ത് നിലയ്ക്കാത്ത വെടിയൊച്ചകൾ നിരന്തരമായി സൃഷ്ടിക്കുന്നു. പരസ്പരം വിട്ടുവീഴ്ച ചെയ്തെങ്കിലും ഒരു സമാധാന കരാർ ഉണ്ടാക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സമാധാനം പുലരണം എന്നാണ് ലോകം ആഗ്രഹിക്കുന്നത്. ഇറാനെ അങ്ങോട്ട് പോയി ആക്രമിച്ചതാണ്. ഇറാന്റെ ഉപാധികൾ കൂടി അംഗീകരിച്ച്കൊണ്ട് വിട്ടുവീഴ്ചകൾ ചെയ്തിട്ട് ആണെങ്കിലും സമാധാനം പുലരട്ടെ. അന്താരാഷ്ട്ര സഞ്ചാരത്തെയും ചരക്കു നീക്കത്തെയും യുദ്ധം ബാധിച്ചു. പാചകവാതകത്തിന്റെ ലഭ്യതക്കുറവ് രൂക്ഷം. വിലക്കയറ്റം ഇനി സംഭവിക്കാൻ പോകുന്ന മറ്റൊരു പ്രതിസന്ധി. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ബന്ധുക്കളെയോർത്ത് കുടുംബങ്ങൾ വേദനിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്നവരെ ഓർത്ത് കുടുംബങ്ങൾ വേദനിക്കുന്നു. ലോകസമാധാനത്തിനുവേണ്ടി വേണ്ടി പ്രാർഥിക്കാമെന്നും പൂർണമായ യുദ്ധവിരാമം ആണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ആൾക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാർത്തകൾ നമ്മൾ രാജ്യത്തുനിന്ന് കേൾക്കുന്നു. പക്ഷേ അതിൽ ഭയപ്പെടേണ്ടതില്ല. വിവിധ സമുദായങ്ങളിലെ സഹോദരങ്ങൾ തന്നെ അതിനെ എതിർക്കാൻ മുന്നോട്ടുവരുന്നു. അത് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണ്.

എപ്സ്റ്റീൻ ഫയലുകൾ മുന്നോട്ടുവെക്കുന്ന ജീർണതയുടെ മുഖമുണ്ട്. വമ്പൻമാരുടെ വൈകൃതങ്ങൾ പുറത്തു വരുന്നു. ലോകത്തിലെ മന്യൻമാരുടെ ജീവിതം ചോദിച്ച് പോകുകയാണെന്നും പാളയം ഇമാം കുറ്റപ്പെടുത്തി.

Similar Posts