< Back
Kerala
ഫലസ്തീൻ: യുഎൻ ദ്വിരാഷ്ട്ര നിർദേശം നടപ്പിലാക്കണമെന്ന് കെഎൻഎം
Kerala

ഫലസ്തീൻ: യുഎൻ ദ്വിരാഷ്ട്ര നിർദേശം നടപ്പിലാക്കണമെന്ന് കെഎൻഎം

Web Desk
|
13 Sept 2025 3:55 PM IST

'ഫലസ്തീൻ സംഘർഷം പരിഹരിക്കാൻ ഇസ്രായേലിന് ഒരു താത്‌പര്യവും ഇല്ലെന്നാണ് ഖത്തർ ആക്രമണം വ്യക്തമാകുന്നത്'

കോഴിക്കോട്: പശ്ചിമേഷ്യയെ കലുഷിതമാക്കി കൊണ്ടിരിക്കുന്ന ഫലസ്തീൻ പ്രശ്നം പരിഹരിക്കാൻ യുഎൻ മൂന്നോട്ട് വെച്ച ദ്വിരാഷ്ട്ര നിർദേശം കാല താമസം കൂടാതെ നടപ്പിലാക്കണമെന്ന് കോഴിക്കോട്ട് ചേർന്ന കെഎൻഎം സംസ്ഥാന ഉന്നതാധികാര സമിതി ആവശ്യപ്പെട്ടു. 70,000 പേരെ കൊല്ലുകയും ലക്ഷകണക്കിൽ ഫലസ്തീൻ ജനതയെ പട്ടിണിയിലേക്കും നിർബന്ധിത പലായനത്തിലേക്കും തള്ളി വിടുകയും ചെയ്ത ഇസ്രായേൽ അധിനിവേശം എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നുവെന്ന് കെഎൻഎം അഭിപ്രായപ്പെട്ടു.

പതിറ്റാണ്ടുകളായി ഫലസ്തീനിൽ അധിനിവേശം നടത്തി കൊണ്ടിരിക്കുന്ന ഇസ്രായേൽ സർവ്വ അന്താരാഷ്ട്ര മര്യാദകളും കാറ്റിൽ പറത്തിയാണ് വംശീയഉന്മൂലനം നടത്തുന്നത്. സ്വതന്ത്ര പരമാധികാര രാഷ്ട്രവും ഫലസ്തീൻ പ്രശ്നത്തിൽ മാധ്യസ്ഥം വഹിക്കുകയും ചെയ്യുന്ന ഖത്തറിൽ ആക്രമണം നടത്തുക വഴി ഇസ്രായേൽ അതിന്റെ ഭീകരത കൂടുതൽ വെളിവാക്കുകയാണ്. ഖത്തറിലെ നിരപരാധികളെ ഭയപ്പെടുത്തുകയും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ഇസ്രായേൽ ക്രൂരത അങ്ങേയറ്റം അപലപനീയമാണെന്നും കെഎൻഎം കൂട്ടിച്ചേർത്തു.

ഫലസ്തീൻ സംഘർഷം പരിഹരിക്കാൻ ഇസ്രായേലിന് ഒരു താത്‌പര്യവും ഇല്ലെന്നാണ് ഖത്തർ ആക്രമണം വ്യക്തമാകുന്നത്. ഇസ്രായേൽ ഭീകരതക്കെതിരെ മനസാക്ഷിയുള്ളവർ ശക്തമായി പ്രതികരിക്കണമെന്നും കെഎൻഎം ആവശ്യപ്പെട്ടു. ഫലസ്തീനിൽ യുഎൻ ദ്വിരാഷ്ട്ര നിർദേശം പിന്തുണച്ച ഇന്ത്യയുടെ നിലപാട് സ്വാഗതാർഹമാണെന്നും കെഎൻഎം പറഞ്ഞു. ഫലസ്തീൻ ജനതയുടെ അവകാശം നിലനിർത്തി കൊണ്ട് ദ്വിരാഷ്ട്ര നിർദേശം മാത്രമാണ് പ്രായോഗികമെന്നും കെഎൻഎം അഭിപ്രായപ്പെട്ടു.

ഭീകരതക്കെതിരെ സമാധാന സന്ദേശവുമായി പാലക്കാട്, കോഴിക്കോട്, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിൽ മേഖല സമ്മേളനങ്ങൾ നടത്തുമെന്ന് കെഎൻഎം അറിയിച്ചു. പരിപാടി കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.പി ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. എച്ച്.ഇ മുഹമ്മദ് ബാബു സേട്ട് ,പ്രൊഫ എൻ.വി അബ്ദു റഹ്‌മാൻ, ഡോ.ഹുസൈൻ മടവൂർ, എ. അസ്ഗർ അലി, എം.ടി അബ്ദുസമദ് സുല്ലമി, ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, ഡോ സുൾഫിക്കർ അലി, അബ്ദുറഹ്‌മാൻ മദനി പാലത്ത്, എം. സ്വലാഹുദ്ദീൻ മദനി, ഡോ.പി.പി അബ്ദുൽ ഹഖ്, ഡോ. കെ.എ അബ്ദുൽ ഹസീബ് മദനി എന്നിവർ പ്രസംഗിച്ചു.

Similar Posts