< Back
Kerala
ആഗോള അയ്യപ്പ സംഗമത്തിനൊരുങ്ങി പമ്പ; നാളെ മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും
Kerala

ആഗോള അയ്യപ്പ സംഗമത്തിനൊരുങ്ങി പമ്പ; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Web Desk
|
19 Sept 2025 6:29 AM IST

വിദേശികൾ ഉൾപ്പടെ 3500 പ്രതിനിധികൾ മൂന്ന് വേദികളിലായി നടക്കുന്ന സംഗമത്തിൽ പങ്കെടുക്കും

പമ്പ: ആഗോള അയ്യപ്പ സംഗമത്തിനൊരുങ്ങി പമ്പ. വിദേശികൾ ഉൾപ്പടെ 3500 പ്രതിനിധികൾ മൂന്ന് വേദികളിലായി നടക്കുന്ന സംഗമത്തിൽ പങ്കെടുക്കും.നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും.പമ്പ മണൽപ്പുറത്തെ പ്രധാന വേദിക്ക് പുറമേ ഹിൽ ടോപ്പിലും ശ്രീ രാമ സാകേതം ഓഡിറ്റോറിയത്തിലുമായാണ് അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പരിപാടികൾ നടക്കുന്നത്.

ശബരിമല മാസ്റ്റർ പ്ലാൻ, പിൽഗ്രിം ടൂറിസം വികസനം, തീർത്ഥാടനകാലയളവിലെ തിരക്ക് നിയന്ത്രണം എന്നീ വിഷയങ്ങളിൽ ഉദ്ഘാടന ചടങ്ങിന് ശേഷം സെമിനാറുകൾ നടക്കും ചർച്ചയിലൂടെ ഉയരുന്ന ആശയങ്ങൾ നടപ്പാക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

അയ്യപ്പ സംഗമം ശബരിമല ദർശനത്തെ ബാധിക്കില്ലെന്നും തീർഥാടകർക്ക് സുഗമമായി ദർശനം നടത്താമെന്നും മന്ത്രി വ്യക്തമാക്കി. സെമിനാറുകൾക്ക് പുറമേ പിന്നണി ഗായകൻ വിജയ് യേശുദാസിന്റെ സംഗീത പരിപാടിയും നടക്കും. തമിഴ് നാട്ടിൽ നിന്ന് രണ്ടു മന്ത്രിമാർ അയ്യപ്പ സംഗമത്തിന്റെ ഭാഗമാകും. 20 ന് വൈകിട്ട് 5 മണിയോടെ അയ്യപ്പ സംഗമം അവസാനിക്കും.

അതേസമയം, ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതും അയ്യപ്പ സംഗമവും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ ഹൈക്കോടതി വിമർശനം ഉയർത്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് നീക്കം. ഇന്നലെ കെഎസ് യു മാർച്ചിലുണ്ടായ സംഘർഷവും പ്രതിപക്ഷം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും. സ്ത്രീ - പുരുഷ തൊഴിലാളികളുടെ വേതന അന്തരം കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും,ദേശീയപാത നിർമാണത്തിലെ അപാകതകളും ചോദ്യോത്തരവേളയിൽ ഉണ്ടാകും.ഇന്ന് സ്വകാര്യ ബില്ലുകളാണ് സഭയുടെ പരിഗണനയിൽ വരുന്നത്.


Similar Posts