< Back
Kerala
Panamaram Panchayath president against CPM
Kerala

വംശീയാധിക്ഷേപം നടത്തിയ എ.എൻ പ്രഭാകരനെതിരെ കേസെടുക്കണമെന്ന് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

Web Desk
|
10 Feb 2025 5:50 PM IST

പനമരത്ത് യുഡിഎഫ് മുസ്‌ലിം വനിതയെ മാറ്റി 'ആദിവാസിപ്പെണ്ണിനെ' പഞ്ചായത്ത് പ്രസിഡന്റാക്കി എന്നായിരുന്നു സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗമായ പ്രഭാകരൻ പറഞ്ഞത്.

വയനാട്: തനിക്കും തന്റെ സമുദായത്തിനുമെതിരെ വംശീയാധിക്ഷേപം നടത്തിയ സിപിഎം നേതാവ് എ.എൻ പ്രഭാകരനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണമെന്ന് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി. വർഗീയ വിഷം ചീറ്റി ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം നേതാവ് ശ്രമിക്കുന്നതെന്നും ലക്ഷ്മി പറഞ്ഞു.

ആദിവാസിയെന്നാണ് പ്രഭാകരൻ വിളിച്ചത്, ആരാണ് തങ്ങൾക്ക് ആദിവാസിയെന്ന് പേരിട്ടതെന്ന് ലക്ഷ്മി ചോദിച്ചു. ഒരു ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റായ തന്നെ പെണ്ണ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതിന് ആരാണ് അദ്ദേഹത്തിന് അധികാരം നൽകിയത്. ഗോത്ര വർഗക്കാരായ തങ്ങൾക്ക് ഒരു പേരുണ്ട്. തന്റെ സമുദായത്തെ മൊത്തം അധിക്ഷേപിക്കുന്ന പരാമർശമാണ് സിപിഎം നേതാവ് നടത്തിയതെന്നും ലക്ഷ്മി പറഞ്ഞു.

സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗമായ എ.എൻ പ്രഭാകരനാണ് വിവാദ പ്രസ്താവന നടത്തിയത്. പനമരത്ത് യുഡിഎഫ് മുസ്‌ലിം വനിതയെ മാറ്റി 'ആദിവാസിപ്പെണ്ണിനെ' പഞ്ചായത്ത് പ്രസിഡന്റാക്കി എന്നായിരുന്നു പ്രഭാകരൻ പറഞ്ഞത്. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണെന്നും അടുത്ത തെരഞ്ഞെടുപ്പിൽ വീട് കയറുമ്പോൾ ലീഗുകാർ കയ്യുംകെട്ടി നിന്ന് മറുപടി പറയേണ്ടിവരുമെന്നും പ്രഭാകരൻ പറഞ്ഞു.

പനമരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൽഡിഎഫിലെ ആസ്യയെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുകയായിരുന്നു. യുഡിഎഫിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഹസീന, ലക്ഷ്മി എന്നിവരുടെ പേരുകളാണ് പരിഗണിച്ചത്. പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നതിനെ തുടർന്ന് ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് ലക്ഷ്മി ആലക്കമുറ്റത്തെ പ്രസിഡന്റ് സ്ഥാനാർഥിയായി തീരുമാനിക്കുകയായിരുന്നു.

Similar Posts