
'രക്തസാക്ഷി പട്ടത്തിന് നീ അർഹനല്ലെന്ന് അറിയിപ്പ് വന്നിട്ടുണ്ട്, വർഗീയവാദികൾക്കെതിരായ പ്രതിരോധത്തിനിടെയാണ് ഷെറിൻ മരിച്ചത്'; ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ പരിക്കേറ്റ പ്രതി
|പാനൂർ കാട്ടീന്റെ വിട ഷെറിനെ മേഖലാ സമ്മേളനത്തിൽ രക്തസാക്ഷിയാക്കിയത് നേതൃത്വം തള്ളിയതിന് പിന്നാലെയാണ് വിനീഷിന്റെ പ്രതികരണം
കണ്ണൂർ: ഡിവൈഎഫ്ഐക്കെതിരെ കണ്ണൂർ പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ പരിക്കേറ്റ പ്രതി.വർഗീയവാദികൾക്കെതിരായ പ്രതിരോധത്തിനിടെയാണ് ഷെറിൻ മരിച്ചതെന്ന് ഒന്നാം പ്രതി വിനീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
'കൊല്ലപ്പെട്ട ഷെറിനെ പല ഒഴിവുകഴിവുകളും പറയാമായിരുന്നു. പക്ഷേ അവനത് പറ്റില്ലായിരുന്നു. ഇന്ന് അവന് രക്തസാക്ഷിത്വ സർട്ടിഫിക്കേറ്റ് അപ്രൂവെൽ ചെയ്യേണ്ട ജഡ്ജ് പാനലിന്റെ കീഴ്ഘടകങ്ങൾ അന്ന് ഉറക്കമായിരുന്നു. വിളിച്ചുണർത്താൻ നോക്കിയിട്ട് പോലും എഴുന്നേറ്റില്ല. എഴുന്നേൽക്കാഞ്ഞത് മുട്ട് വിറച്ചിട്ടാണെന്നു സമ്മതിക്കാനുള്ള മടിയെന്നു അവനും നമുക്കും അറിയാം.രക്തസാക്ഷി പട്ടത്തിന് നീ അർഹനല്ലെന്ന് അറിയിപ്പ് വന്നിട്ടുണ്ട്.. എല്ലാം സഹിച്ചുള്ള നീ ചിരിക്കാറുള്ള ഒരു ചിരി ഉണ്ടായിരുന്നില്ലെ അത് തന്നെ ഇതിനും മറുപടി' എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
പാനൂർ കാട്ടീന്റെ വിട ഷെറിനെ ഡിവൈഎഫ്ഐ മേഖലാ സമ്മേളനത്തിൽ രക്തസാക്ഷിയാക്കിയത് നേതൃത്വം തള്ളിയതിന് പിന്നാലെയാണ് വിനീഷിന്റെ പ്രതികരണം.
ഷെറിൻ്റെ കാര്യത്തിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് കഴിഞ്ഞദിവസം. കുന്നോത്ത്പറമ്പ് മേഖലാ സമ്മേളനത്തിൻ്റെ അനുശോചന പ്രമേയത്തിൽ ഷെറിന്റെ പേര് വായിച്ചിട്ടില്ല. കൊല്ലപ്പെട്ട ഷെറിൻ ഡിവൈഎഫ്ഐ പ്രവർത്തകനല്ലെന്നും സനോജ് പറഞ്ഞു.
ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട പാനൂർ സ്വദേശി കാട്ടീന്റെവിട ഷെറിനെ രക്തസാക്ഷിയാക്കിയ ഡിവൈഎഫ്‌ഐയെ തള്ളി സിപിഎമ്മും രംഗത്തെത്തിയിരുന്നു. പാനൂർ കുന്നോത്ത്പറമ്പിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളെ സംബന്ധിച്ച സിപിഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് കെ.കെ രാഗേഷ് പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിൽ അഞ്ചിനാണ് പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ബോംബ് പൊട്ടി ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഷെറിൻ കൊല്ലപ്പെട്ടത്. അന്നും സിപിഎം തള്ളിപറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഡിവൈഎഫ് മേഖലസമ്മേളനത്തിൽ രക്തസാക്ഷി പ്രമേയത്തിൽ ഷെറിന്റെ പേര് ഉൾപ്പെടുത്തിയത് വിവാദമായിരുന്നു.
വിനീഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...
അവനുറങ്ങാമായിരുന്നു. പല ഒഴിവുകേടുകളും പറയാമായിരുന്നു . .പക്ഷെ അവനതു പറ്റില്ല അവനങ്ങനെയാ ...വർഗ്ഗീയ വാദികൾ സഖാക്കൾക്ക് നേരെ വരുന്നുണ്ടെന്നു മാത്രം അവനെ അറിയിച്ചാൽ മതി പ്രതിരോധം തീർക്കണം എന്നത് അവന്റെ ബോധ്യമായിരുന്നു. .. അവൻ മുന്നിൽ നിന്ന് നയിച്ചത് കൊണ്ട് തന്നെയാണ് കുന്നോത്തു പറമ്പിൽ സഖാക്കളുടെ വീടുകൾ ലക്ഷ്യമാക്കി വന്ന വർഗ്ഗീയ വാദികൾ പിന്തിരിഞ്ഞോടിയത് . .. “”“”ഇന്ന് അവനു രക്ത സാക്ഷിത്വ സർട്ടിഫിക്കേറ്റ് അപ്രൂവെൽ ചെയ്യേണ്ട ജഡ്ജ് പാനലിന്റെ കീഴ്ഘടകങ്ങൾ അന്ന് ഉറക്കമായിരുന്നു വിളിച്ചുണർത്താൻ നോക്കിയിട്ട് പോലും എഴുന്നേറ്റില്ല. . എഴുന്നേൽക്കാഞ്ഞത് മുട്ട് വിറച്ചിട്ടാണെന്നു സമ്മതിക്കാനുള്ള മടിയെന്നു അവനും നമുക്കും അറിയാം. ..
മുത്തെ... വെന്ത ഇറച്ചിയുടെയും ചോരയുടെയും ഒരു മണമുണ്ട് ഇന്നും ഉള്ളിൽ ... ഒപ്പം നീ ഇല്ലെന്ന തിരിച്ചറിവും നീ എന്തിന് ഇല്ലാതായി എന്ന് നമുക്കറിയാം അത് നമ്മുടെ ബോധ്യങ്ങളാണ്.. . രക്തസാക്ഷി പട്ടത്തിന് നീ അർഹനല്ലെന്ന് അറിയിപ്പ് വന്നിട്ടുണ്ട്.. എല്ലാം സഹിച്ചുള്ള നീ ചിരിക്കാറുള്ള ഒരു ചിരി ഉണ്ടായിരുന്നില്ലെ അത് തന്നെ ഇതിനും മറുപടി..