< Back
Kerala
മരിച്ചതാരെന്ന് തിരിച്ചറിഞ്ഞില്ല, കൂടെ താമസിച്ച സഹോദരിയെ കാണാനില്ല: പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത
Kerala

മരിച്ചതാരെന്ന് തിരിച്ചറിഞ്ഞില്ല, കൂടെ താമസിച്ച സഹോദരിയെ കാണാനില്ല: പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത

Web Desk
|
29 Dec 2021 11:24 AM IST

മരിച്ചത് മൂത്തമകളാണെന്ന് അമ്മ,സഹോദരി ജിത്തുവിൻറെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

പറവൂരിൽ യുവതിയെ വീടിനുള്ളിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കാണാതായ സഹോദരിയെ കുറിച്ച് വിവരം ലഭിച്ചില്ല. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പെരുവാരം പനോരമ നഗറിൽ ശിവാനന്ദന്റെ മകളാണ് മരിച്ചത്. ഏത് മകളാണ് മരിച്ചത്എന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ശിവാനന്ദനും ഭാര്യ ജിജിയും പെൺമക്കളായ വിസ്മയ(25), ജിത്തു (22) എന്നിവരാണ് വീട്ടിൽ താമസം. രണ്ടാമത്തെ മകൾ ജിത്തു കുറച്ച് നാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്.

ശിവാനന്ദനും ഭാര്യയും പുറത്ത് പോയപ്പോഴാണ് സംഭവം. മൂന്ന് മണിയോടെ വീടിനകത്തുനിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികളാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചത്. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടനിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. വീടിന്റെ രണ്ടുമുറികൾ പൂർണമായും കത്തിയിരുന്നു. ഇതിലൊരു മുറിയിലായിരുന്നു കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മൂത്തമകൾ വിസ്മയയാണ് മരിച്ചതെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സഹോദരി ജിത്തുവിൻറെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ ലഭിച്ചിട്ടുണ്ട് . ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഡി.എൻ.എ ടെസ്റ്റ് നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. ജിത്തുവിന്റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ടെന്നാണ് വിവരം. വിസ്മയയുടെ ഫോൺ വീട്ടിൽ നിന്ന് കാണാതായിട്ടുണ്ട്.

Related Tags :
Similar Posts