< Back
Kerala
കേരളത്തിലെ ക്യാമ്പസുകളിൽ വിഭജന ഭീതിദിനം ആചരിക്കില്ല: മന്ത്രി ആർ. ബിന്ദു
Kerala

കേരളത്തിലെ ക്യാമ്പസുകളിൽ വിഭജന ഭീതിദിനം ആചരിക്കില്ല: മന്ത്രി ആർ. ബിന്ദു

Web Desk
|
13 Aug 2025 4:47 PM IST

'ക്യാമ്പസുകളിൽ എന്തൊക്കെ പരിപാടികൾ നടത്തണമെന്ന് നിർദേശിക്കാൻ സർവകലാശാലകൾക്ക് സാധിക്കില്ല'

തിരുവനന്തപുരം: ഗവർണർ നിർദേശം നൽകിയ വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളിൽ നടത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി ആർ. ബിന്ദു. നാളിതുവരെ ഇല്ലാത്ത വിധത്തിലാണ് വിഭജന ദിനം ആചരിക്കാനുള്ള നിർദേശം നൽകിയതെന്നും സാമുദായിക ധ്രുവീകരണത്തിലേക്കാണ് ഇത് ചെന്ന് നിൽക്കുകയെന്നും മന്ത്രി പറഞ്ഞു.

ക്യാമ്പസുകളിൽ എന്തൊക്കെ പരിപാടികൾ നടത്തണമെന്ന് നിർദേശിക്കാൻ സർവകലാശാലകൾക്ക് സാധിക്കില്ല. സാമുദായിക സ്പർദ്ധയിലേക്ക് നയിക്കുന്ന കാര്യങ്ങൾ അല്ല ക്യാമ്പസുകളിൽ നടത്തേണ്ടത്. മതനിരപേക്ഷത വളർത്താനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് കേസിൽ സുപ്രിംകോടതി അന്തിമ വിധി പറഞ്ഞിട്ടില്ല. പ്രാഥമിക നിർദേശങ്ങളാണ് നടത്തിയിരിക്കുന്നത്. വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് സർക്കാരുമായി കൂടിയാലോചിച്ച് വേണമെന്നത് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിഭജന ഭീതി ദിനം ആചരിക്കണമെന്ന പ്രഖ്യാപനം ആളുകൾക്കിടയിൽ മത വൈര്യം സൃഷ്ടിക്കാൻ മാത്രമെ സഹായിക്കുവെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കേരളം ഒരുകാലത്തും അതിനെ അംഗീകരിച്ചിട്ടില്ല. കോളജുകളിലൊന്നും ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ പാടില്ലെന്ന നിലപാടാണ് സർക്കാരിന്റേതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Similar Posts