< Back
Kerala
Party decided yesterday to expel Rahul, it was only announced today Says VD Satheesan
Kerala

രാഹുലിനെ പുറത്താക്കാൻ ഇന്നലെ തന്നെ തീരുമാനിച്ചിരുന്നു, ഇന്ന് പ്രഖ്യാപിച്ചെന്നേയുള്ളൂ: വി.ഡി സതീശൻ

Web Desk
|
4 Dec 2025 3:44 PM IST

എകെജി സെൻ്ററിൽ മാറാല പിടിച്ച് ഒരുപാട് പരാതികൾ കിടപ്പുണ്ട്. അവ ഇനിയെങ്കിലും പൊലീസിനെ ഏൽപ്പിക്കണം.

ആലപ്പുഴ: ബലാത്സം​ഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പുറത്താക്കാൻ ഇന്നലെ തന്നെ തീരുമാനിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അത് ഇന്ന് പ്രഖ്യാപിച്ചെന്നേയുള്ളൂ. തീരുമാനം എടുക്കാൻ വൈകിയിട്ടില്ല. ആദ്യ പരാതി വന്നപ്പോൾ സസ്‌പെൻഡ് ചെയ്തു, രണ്ടാമത്തെ പരാതി വന്നപ്പോൾ നേതാക്കൾ ആലോചിച്ച് രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഐകകണ്ഠ്യേന തീരുമാനിച്ചു. തൻ്റെ പാർട്ടി എടുത്ത തീരുമാനത്തിൽ അഭിമാനമുണ്ടെന്നും സതീശൻ പറഞ്ഞു.

പരാതി വന്നപ്പോൾ രാഹുലിനെ രക്ഷപെടുത്താനോ കുടപിടിച്ച് കൊടുക്കാനോ ശ്രമിച്ചില്ല. അപ്പോൾ തന്നെ പൊലീസിന് നൽകി. എകെജി സെൻ്ററിൽ മാറാല പിടിച്ച് ഒരുപാട് പരാതികൾ കിടപ്പുണ്ട്. അവ ഇനിയെങ്കിലും പൊലീസിനെ ഏൽപ്പിക്കണം. അതിലും ഇത്തരം മാതൃകാപരമായ തീരുമാനം എടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

കഴി‍ഞ്ഞദിവസമാണ് ആദ്യമായി പാർട്ടിക്ക് ഒരു പരാതി നേരിട്ട് കിട്ടുന്നത്. ആ പരാതി കെപിസിസി പ്രസി‍ഡന്റ് ഒരു മണിക്കൂർ പോലും കൈയിൽ വച്ചുകൊണ്ട് ഇരുന്നില്ല. അപ്പോൾ തന്നെ പൊലീസിന് കൈമാറി. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അപ്പോൾ ഞങ്ങൾ പാർട്ടിയിൽ നിന്ന് പുറത്താക്കി. രാജ്യത്ത് മറ്റൊരു പാർട്ടിയും ഇതുപോലൊരു തീരുമാനം എടുത്തിട്ടില്ല.

അതിൽ സാങ്കേതികത്വം ചോദിക്കുന്നവർ ബലാത്സംഗക്കേസിൽ പ്രതിയായ ഒരു സിപിഎം എംഎൽഎ എൽഡിഎഫിൽ ഇരിക്കുമ്പോൾ അവിടെ ചോദിച്ചിട്ടില്ലല്ലോ. തന്നോട് ചോദിക്കുന്ന ചോദ്യം മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിക്കണമെന്നും സതീശൻ ആവശ്യപ്പട്ടു. എത്ര കേസുകളിൽ പ്രതികളായിട്ടുള്ള ആളുകളെ പാർട്ടി കോടതികൾ തീരുമാനിച്ച് വീണ്ടും മത്സരിപ്പിച്ചിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ഇനി രാജിവയ്ക്കണോ എന്നത് രാഹുലിന് തീരുമാനിക്കാമെന്നും സതീശൻ വ്യക്തമാക്കി. അയാളുമായി പാർട്ടിക്കൊരു ബന്ധവുമില്ല, അയാൾ പാർട്ടിക്ക് പുറത്താണെന്നും സതീശൻ പറഞ്ഞു. പാർട്ടി ടിക്കറ്റിൽ മത്സരിച്ചയാളെ പാർട്ടി തന്നെ പുറത്താക്കി. ഇനി എന്ത് തീരുമാനമെടുത്താലും യാതൊരു വിരോധവുമില്ല. കോൺഗ്രസ് രാഹുലിനെെ പുറത്താക്കാൻ തീരുമാനിക്കുമെന്ന് സിപിഎം പ്രതീക്ഷിച്ചില്ല. തെരഞ്ഞെടുപ്പ് അവസാനിക്കുംവരെ ഈ വിഷയം സജീവമായി നിർത്താമെന്നും സ്വർണക്കൊള്ള ചർച്ചയിൽ നിന്ന് ഒഴിവാക്കാമെന്നുമാണ് സർക്കാർ പ്രതീക്ഷിച്ചത്.

രാഹുലിനെതിരെ ആരോപണമുന്നയിച്ച് യുവതിയുടെ പരാതി പിറ്റേന്ന് തന്നെ കിട്ടുമെന്ന് മുഖ്യമന്ത്രിക്കും പൊലീസിനും അറിയാമായിരുന്നല്ലോ. അറസ്റ്റ് ചെയ്യണമായിരുന്നെങ്കിൽ ഒരു പൊലീസുകാരൻ വിചാരിച്ചാൽ മതിയായിരുന്നല്ലോ എന്നും സതീശൻ ചോദിച്ചു. പാർട്ടിക്കുള്ളിലെ വനിതയുടെ പരാതിയെക്കുറിച്ച് ചോദിച്ചപ്പോൾ അതൊക്കൈ അന്വേഷിക്കാമെന്നും സതീശൻ മറുപടി നൽകി.

Similar Posts