< Back
Kerala
മാധ്യമത്തിനെതിരെ സിപിഎം നിലപാടെടുക്കാറില്ല; നിരോധനം വന്നപ്പോൾ അവർക്ക് അനുകൂല നിലപാടെടുത്തു: കോടിയേരി
Kerala

'മാധ്യമ'ത്തിനെതിരെ സിപിഎം നിലപാടെടുക്കാറില്ല; നിരോധനം വന്നപ്പോൾ അവർക്ക് അനുകൂല നിലപാടെടുത്തു: കോടിയേരി

Web Desk
|
22 July 2022 2:11 PM IST

ആഗസ്റ്റ് ഒന്നു മുതൽ 15 വരെ സംസ്ഥാനത്ത് വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. ഭരണഘടനയുടെ ആമുഖം പ്രതിജ്ഞ ചൊല്ലുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: മാധ്യമം പത്രത്തിനെതിരെ സിപിഎം നിലപാടെടുക്കാറില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മീഡിയവണിനെതിരെ നിരോധനം വന്നപ്പോൾ അവർക്ക് അനുകൂലമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഒരു പത്രവും നിരോധിക്കണമെന്ന നിലപാട് പാർട്ടിക്കില്ല. ജലീൽ കത്തെഴുതിയത് പാർട്ടിയോട് ആലോചിച്ചിട്ടല്ല, എംഎൽഎമാർ ചെയ്യുന്നത് മുഴുവൻ പാർട്ടി നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. ജലീൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ നടപടിയെടുത്താൽപോരേ എന്നും അദ്ദേഹം ചോദിച്ചു.

ഇ.ഡി രാജ്യവ്യാപകമായി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് കോടിയേരി ആരോപിച്ചു. ഇതിന്റെ ഭാഗമാണ് തോമസ് ഐസകിനും നോട്ടീസ് നൽകിയത്. സംസ്ഥാനത്ത് വികസനത്തിന് വലിയ സഹായമാണ് കിഫ്ബി ചെയ്തത്. അത് തകർക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കോൺഗ്രസ് കഴിഞ്ഞ ദിവസം ഇ.ഡിക്കെതിരെ സമരം നടത്തിയത് സ്വാഗതാർഹമാണ്. സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ.ഡി ചോദ്യം ചെയ്തതോടെയാണ് കോൺഗ്രസ് ഇ.ഡിക്കെതിരെ നിലപാട് സ്വീകരിക്കാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തത് ആരാണെന്ന് അറിയാതെ പറയുന്നത് ശരിയല്ല. സിപിഎം എംഎൽഎമാർ ചെയ്യില്ല. കെ.കെ രമക്ക് ഭീഷണിക്കത്ത് ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഡിജിപിക്ക് കൈമാറണം. എകെജി സെന്റർ അക്രമം സിപിഎമ്മിനെതിരെ ആക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു.

ആഗസ്റ്റ് ഒന്നു മുതൽ 15 വരെ സംസ്ഥാനത്ത് വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. ഭരണഘടനയുടെ ആമുഖം പ്രതിജ്ഞ ചൊല്ലുമെന്നും അദ്ദേഹം അറിയിച്ചു.

Similar Posts