
മല്ലികാ സാരാഭായ് Photo- Special Arrangement
'പാര്‍ട്ടിക്കാരെ വെക്കാം, പക്ഷേ കഴിവ് വേണം, ഇംഗ്ലീഷില്‍ മെയില്‍ അയക്കാന്‍ അറിയുന്ന ഒരാള്‍പോലുമില്ല'; കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായ്
|കലാമണ്ഡലത്തെ അന്താരാഷ്ട്ര പെര്‍മോഫിങ് ആര്‍ട്‌സ് കേന്ദ്രമാക്കി മാറ്റാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ രാഷ്ട്രീയം മുതല്‍ കഴിവില്ലാത്ത ജീവനക്കാര്‍ വരെ വളര്‍ച്ചയ്ക്ക് പ്രതിബന്ധമാകുന്നുവെന്ന് മല്ലികാ സാരാഭായ്
തൃശൂര്‍: രാഷ്ട്രീയ അതിപ്രസരവും ഫണ്ടിന്‍റെ അപര്യാപ്തതയുമാണ് കേരള കലാമണ്ഡലത്തിന്റെ വളര്‍ച്ചയ്ക്കുള്ള പ്രധാന വെല്ലുവിളിയെന്ന് പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ മല്ലികാ സാരാഭായ്.
പാര്‍ട്ടിക്കാരെ വെക്കാം, പക്ഷേ കഴിവ് വേണം, വൈസ് ചാൻസലറും രജിസ്ട്രാറും അല്ലാതെ ഇംഗ്ലീഷില്‍ മെയില്‍ അയക്കാന്‍ അറിയുന്ന ഒരാള്‍ പോലുമില്ലെന്നും മല്ലികാ സാരാഭായ് പറഞ്ഞു. കലാമണ്ഡലത്തെ അന്താരാഷ്ട്ര പെര്‍മോഫിങ് ആര്‍ട്‌സ് കേന്ദ്രമാക്കി മാറ്റാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ രാഷ്ട്രീയം മുതല്‍ കഴിവില്ലാത്ത ജീവനക്കാര്‍ വരെ വളര്‍ച്ചയ്ക്ക് പ്രതിബന്ധമാകുന്നുവെന്ന് മല്ലികാ സാരാഭായ് തുറന്നടിച്ചു.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ പരിഗണന മാത്രം വെച്ച് ഒരു പ്രാഗത്ഭ്യവുമില്ലാത്തവരെ ജീവനക്കാരായി നിയമിക്കുന്നു. മോശമെന്നു കണ്ടാല്‍ അവരെ പുറത്താക്കാനും കഴിയില്ല. ഇത്തരത്തില്‍ പാര്‍ട്ടിക്കാരെ കുത്തിനിറയ്ക്കാനാണ് ലക്ഷ്യമെങ്കില്‍, അത്യാവശ്യം കഴിവുള്ളവരെയെങ്കിലും നിയമിച്ചു കൂടേ?. കുറഞ്ഞത് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനറിയുന്നവരെയെങ്കിലും നിയമിക്കണം. അക്കൗണ്ട്‌സ് മേധാവിക്ക് സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ എന്നിവയെക്കുറിച്ച് അറിവുണ്ടെങ്കില്‍ മാത്രമേ സ്ഥാപനം പ്രവര്‍ത്തിക്കൂയെന്ന് മല്ലികാ സാരാഭായ് പറഞ്ഞു.
കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയായി ഉയര്‍ത്തപ്പെട്ടപ്പോള്‍, ക്ലാര്‍ക്കുമാരായിരുന്ന ആളുകള്‍ പെട്ടെന്ന് ഓഫീസര്‍മാരായി. വൈസ് ചാന്‍സലറും രജിസ്ട്രാറും അല്ലാതെ മറ്റാര്‍ക്കും ഇംഗ്ലീഷില്‍ ഇ-മെയില്‍ അയയ്ക്കാന്‍ പോലും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും മല്ലിക സാരാഭായ് പറഞ്ഞു.