< Back
Kerala
ഐഎഎസ് ഇടത് കൈപ്പിടിയിലൊതുക്കിയ പാർവതി ഗോപകുമാർ ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടർ
Kerala

ഐഎഎസ് ഇടത് കൈപ്പിടിയിലൊതുക്കിയ പാർവതി ഗോപകുമാർ ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടർ

Web Desk
|
19 May 2025 6:41 PM IST

ഏഴാംക്ലാസിൽ പഠിക്കുമ്പോൾ അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ട പാർവതി ഇടത് കൈക്കരുത്തിലാണ് സിവിൽ സർവീസിൽ ഉന്നത വിജയം നേടിയത്.

കൊച്ചി: ഇടത് കൈയുടെ കരുത്തിൽ ഐഎഎസ് നേടിയെടുത്ത പാർവതി ഗോപകുമാർ ഇനി എറണാകുളത്ത് അസിസ്റ്റന്റ് കലക്ടർ. സ്‌കൂൾ വിദ്യാർഥിയായിരിക്കെ അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ട പാർവതി കൃത്രിമക്കൈയുടെ സഹായത്തോടെയാണ് തുടർന്ന് പഠിച്ചത്. സ്‌കൂൾ കാലം മുതൽ തളരാതെ പൊരുതിയ പാർവതി 2024ലെ സിവിൽ സർവീസ് പരീക്ഷയിൽ 282-ാം റാങ്ക് നേടിയാണ് ഐഎഎസ് സ്വന്തമാക്കിയത്.

ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസിൽദാർ അമ്പലപ്പുഴ കോമന അമ്പാടിയിൽ കെ.എസ് ഗോപകുമാറിന്റെയും കാക്കാഴം ഹൈസ്‌കൂൾ അധ്യാപിക ശ്രീകല എസ്. നായരുടെയും മകളാണ് പാർവതി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിലാണ് വലതുകൈ നഷ്ടപ്പെട്ടത്. പകരം കൃത്രിമക്കൈ വെച്ചിട്ടുണ്ട്.

പത്താംക്ലാസ് വരെ ചെന്നിത്തല നവോദയ വിദ്യാലയത്തിലായിരുന്നു പഠനം. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്ടു വിജയിച്ചു. തുടർന്ന് ബെംഗളൂരു നാഷണൽ സ്‌കൂൾ ഓഫ് ലോയിൽ പഞ്ചവത്സര എൽഎൽബിക്ക് ചേർന്നു. നിയമവിദ്യാർഥിയായിരിക്കെ ആലപ്പുഴയിൽ അന്നത്തെ കലക്ടറായിരുന്ന എസ്. സുഹാസിന്റെ ഓഫീസിൽ ഇന്റേൺഷിപ്പിന് അവസരം കിട്ടിയപ്പോഴാണ് സിവിൽ സർവീസ് മോഹമുദിച്ചത്.

Similar Posts