< Back
Kerala
ഓടുന്ന ബസിന്റെ ചില്ല് തകർത്ത് യാത്രക്കാരൻ പുറത്തുചാടി; ഗുരുതര പരിക്ക്
Kerala

ഓടുന്ന ബസിന്റെ ചില്ല് തകർത്ത് യാത്രക്കാരൻ പുറത്തുചാടി; ഗുരുതര പരിക്ക്

Web Desk
|
16 Jun 2025 6:25 PM IST

തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ചാണ് ജാർഖണ്ഡ് സ്വദേശിയായ മനോജ് കിഷൻ താഴേക്ക് ചാടിയത്

മാനന്തവാടി: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് തകർത്ത് അതിഥി തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ (28) ആണ് ചാടിയത്. തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ചാണ് ഇയാള്‍ താഴേക്ക് ചാടിയത്.

തലയ്ക്ക് ഗുരുതര പരിക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ എടിസി 25 ബസില്‍ വെച്ച് ഇന്ന് രാവിലെ ഏഴരയോടെ മാനന്തവാടി ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ബസില്‍ കയറിയ മനോജ് ചുണ്ടേൽ മുതൽ ബസിനുള്ളിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ജീവനക്കാർ പറഞ്ഞു. പല തവണ കണ്ടക്ടർ മനോജിനോട് അടങ്ങിയിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ പൊടുന്നനെ മനോജ് ബസിന്റെ മുൻഭാഗത്തേക്ക് വന്ന് ചാടുകയായിരുന്നു. അസ്വാഭാവിക പെരുമാറ്റം കണ്ടയുടൻ താൻ ബസ് നിർത്തിയതായും, അതല്ലായിരുന്നെങ്കിൽ മനോജ് ടയറിനടിയിൽ പെട്ടുപോകുമായിരുന്നെന്നും ഡ്രൈവർ സുഭീഷ് പറഞ്ഞു. മാനന്തവാടി എസ് ഐ എം സി പവനൻ ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം നടത്തി.

മനോജ് മുൻപ് പാരിസൺസ് എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നതായും എന്നാൽ മാസങ്ങൾക്ക് മുമ്പ് ഇയാളെ ജോലിയിൽ നിന്നും പറഞ്ഞു വിട്ടതാണെന്നും സുഹൃത്തുക്കൾ പറഞ്ഞു. നാല് ദിവസം മുൻപാണ് ഇയ്യാൾ ജാർഖണ്ഡിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടതെന്നും വരുന്ന വഴിക്ക് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു.

Related Tags :
Similar Posts