Kerala
passenger exhibitionism on bus kannur
Kerala

കണ്ണൂരിൽ ബസ്സിൽ മധ്യവയസ്കന്‍റെ നഗ്നതാപ്രദർശനം; ദുരനുഭവം വിവരിച്ച് ദൃശ്യങ്ങള്‍ പങ്കുവെച്ച് യാത്രക്കാരി

Web Desk
|
29 May 2023 10:23 AM IST

ചെറുപുഴ - തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ്സിലാണ് സംഭവം

കണ്ണൂര്‍: കണ്ണൂരിൽ സ്വകാര്യ ബസ്സിൽ നഗ്നതാ പ്രദർശനം. ചെറുപുഴ - തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ്സിലാണ് സംഭവം. മധ്യവയസ്കനാണ് നഗ്നതാ പ്രദർശനം നടത്തിയത്. ബസിലെ യാത്രക്കാരിയായ യുവതിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ദുരനുഭവം വിവരിച്ച് യുവതി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബസ് ചെറുപുഴ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ശേഷം ബസിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് സംഭവം. ഈ സമയത്ത് ബസില്‍ കയറിയ മാസ്ക് ധരിച്ചയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. യാത്രക്കാരി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് അറിഞ്ഞിട്ടും ഇയാള്‍ നഗ്നതാ പ്രദര്‍ശനം തുടര്‍ന്നു. ബസിലെ ജീവനക്കാര്‍ തിരിച്ചെത്തിയപ്പോള്‍ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോയി.

താന്‍ എന്തുചെയ്യണമെന്നറിയാതെ ഭയന്നുപോയെന്ന് യാത്രക്കാരി പറഞ്ഞു. ഇന്ന് പൊലീസില്‍ പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.

നേരത്തെ കൊച്ചിയിലും സമാനമായ സംഭവമുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന്‍റെ വീഡിയോ പകര്‍ത്തിയ യുവനടി ബസിനുള്ളില്‍ തന്നെ പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന് ബസില്‍ നിന്ന് ഇറങ്ങി ഓടിയ യുവാവിനെ കണ്ടക്ടറും ഡ്രൈവറും പിന്നാലെയോടി പിടികൂടുകയായിരുന്നു. കോഴിക്കോട് സ്വദേശി സവാദിനെയാണ് അറസ്റ്റ് ചെയ്തത്.

യുവതി തൃശൂരിൽ നിന്നും എറണാകുളത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. ബസ് അങ്കമാലിയിൽ എത്തിയപ്പോഴാണ് സവാദ് തന്‍റെയടുത്ത് വന്നിരുന്നതെന്ന് യുവതി പറഞ്ഞു. തനിക്കും മറ്റൊരു യാത്രക്കാരിക്കുമിടയില്‍ സ്ത്രീകളുടെ സീറ്റിലാണ് സവാദ് വന്നിരുന്നത്. ഇയാള്‍ ഒരു കൈകൊണ്ട് തന്‍റെ ശരീരത്തില്‍ ഉരസാൻ തുടങ്ങിയെന്നും കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിച്ച് സ്വയംഭോഗം ചെയ്തെന്നും യുവതി പറഞ്ഞു. യുവാവ് അറിയാതെ അയാളുടെ വീഡിയോ എടുത്ത യുവതി എഴുന്നേറ്റ് ഉച്ചത്തില്‍ പ്രതികരിച്ചു. ഉടന്‍ കണ്ടക്ടര്‍ ഇടപെട്ടു.

'പരാതിയുണ്ടോ, എങ്കില്‍ ബസ് സ്റ്റേഷനിലേക്ക് വിടൂ' എന്ന് കണ്ടക്ടര്‍ ഡ്രൈവറോട് പറഞ്ഞു. താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ യുവാവ് ബസ് ഇടയ്ക്ക് നിർത്തിപ്പോള്‍ ചാടി പുറത്തിറങ്ങി ഓടി. കണ്ടക്ടറും ഡ്രൈവറും പിന്നാലെ ചെന്ന് പ്രതിയെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.



Similar Posts