< Back
Kerala
പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറി വിവാദം; നടപടിക്ക് ഒരുങ്ങി സി.പി.എം
Kerala

പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറി വിവാദം; നടപടിക്ക് ഒരുങ്ങി സി.പി.എം

Web Desk
|
3 May 2022 7:53 AM IST

കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടെ പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ കീഴിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേട് ആണ് കണ്ണൂരിലെ സി.പി.എമ്മിനെ പിടിച്ചുലക്കുന്നത്

പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറി വിവാദത്തിൽ നടപടിക്ക് ഒരുങ്ങി സി.പി.എം. എന്നാൽ, ആരോപണ വിധേയരായ മുതിർന്ന നേതാക്കളെ സംരക്ഷിക്കാനാണ് നീക്കമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ നേതാവിന്റെ നേതൃത്വത്തിൽ രക്തസാക്ഷി ഫണ്ടിൽ അടക്കം വൻ തിരിമറി നടന്നുവെന്നാണ് പരാതി.

കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടെ പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ കീഴിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേട് ആണ് കണ്ണൂരിലെ സി.പി.എമ്മിനെ പിടിച്ചുലക്കുന്നത്. ധനരാജ് രക്തസാക്ഷി സഹായ ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണം, ചിട്ടി നടത്തിപ്പ് തുടങ്ങിയ വകയിൽ ഒരു കോടിയോളം രൂപയുടെ ക്രമക്കേട് നടന്നു എന്നാണ് ആരോപണം. ക്രമക്കേട് പരിശോധിക്കാൻ സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് എന്നിവർ അടങ്ങുന്ന രണ്ട് അംഗ സമിതിയെ പാർട്ടി നിയോഗിച്ചിരുന്നു.

ഫണ്ട് വിനിയോഗത്തിൽ വലിയ വീഴ്ച സംഭവിച്ചു എന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ. മുൻ ഏരിയ സെക്രട്ടറിയും നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ നേതാവിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ ജാഗ്രത കുറവ് ഉണ്ടായെന്നും സമിതി കണ്ടെത്തി. സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിനായി നടത്തിയ ചിട്ടിയിൽ മാത്രം 85 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു കണ്ടെത്തൽ. കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ നേതൃയോഗം വിഷയം ചർച്ച ചെയ്തു. എന്നാൽ സാമ്പത്തിക ക്രമക്കേടിൽ ജനപ്രധിനിധി കൂടിയായ നേതാവിനെതിരെ നടപടി എടുത്താൽ പാർട്ടിക്ക് വലിയ ദോഷം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ.

സംഭവത്തിൽ ഒരു ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുത്ത് പ്രശ്‌നം ഒതുക്കി തീർക്കാനാണ് പാർട്ടിയുടെ നീക്കം. എന്നാൽ ഇതിനെതിരെ അണികളുടെ ഭാഗത്ത് നിന്നും വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പേരാവൂരിൽ സി.പി.എം നേതാവിനെതിരെ ഉയർന്ന പീഡന പരാതിക്ക് പിന്നാലെ പാർട്ടിയുടെ ശക്തി കേന്ദ്രമായ പയ്യന്നൂരിൽ നിന്നുയർന്ന സാമ്പത്തിക ക്രമക്കേട് സി.പി.എമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Similar Posts