< Back
Kerala
PC George Response on KT Jaleels Statements on Drug case increase
Kerala

'ഞാനും ജലീലും പാലാ ബിഷപ്പും പറയുന്നത് ഒന്നുതന്നെ'; കെ.ടി ജലീലിനെ പിന്തുണച്ച് പി.സി ജോർജ്

Web Desk
|
17 March 2025 2:04 PM IST

'ലൗ ജിഹാദുണ്ടെന്ന് ഒന്നര പതിറ്റാണ്ട് മുൻപ് പറഞ്ഞ വി.എസ് ജീവിച്ചിരിപ്പുണ്ട്, കേസ് കൊടുക്ക്‌'- ജോർജ് പറയുന്നു.

കോട്ടയം: ലഹരി വ്യാപനം സംബന്ധിച്ച കെ.ടി ജലീൽ എംഎൽഎയുടെ പരാമർശങ്ങൾ ഏറ്റെടുത്ത് പ്രതികരണവുമായി ബിജെപി നേതാവ് പി.സി ജോർജ്. താനും കെ.ടി ജലീലും പറയുന്നത് ഒന്നു തന്നെയാണെന്നും ഇതേ കാര്യങ്ങളാണ് പാലാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതെന്നും പി.സി ജോർജ് അവകാശപ്പെട്ടു.

തന്നെ അകത്താക്കാനും ഇല്ലാതാക്കാനും ഇറങ്ങിത്തിരിച്ച രാജ്യദ്രോഹികൾക്ക് ഇപ്പോൾ ഏതാണ്ടൊക്കെ തൃപ്തി ആയിട്ടുണ്ടെന്നും ജനങ്ങൾ എന്തൊക്കെ അറിയരുതെന്ന് അവർ ആഗ്രഹിച്ചോ അത് വഴിയേ പോവുന്ന എല്ലാരും ചർച്ച ചെയ്ത് തുടങ്ങിയെന്നും ജോർജ് പറയുന്നു. 'തനിക്കും കല്ലറങ്ങാട്ടു പിതാവിനുമെതിരെ കേസ് എടുക്കാൻ ഓടിനടന്ന വി.ഡി സതീശൻ, എസ്ഡിപിഐ, മുസ്‌ലിം ലീഗ്, യൂത്ത് കോൺഗ്രസ്‌, വെൽഫയർ പാർട്ടി, ‌‌പിഡിപി തുടങ്ങി എല്ലാ പാമ്പും പഴുതാരകളെയും വെല്ലുവിളിക്കുന്നു'.

'കെ.ടി ജലീലിനെതിരെ ഒരു സമാന പരാതി കൊടുക്കാൻ നിങ്ങള്ക്ക് തന്റേടം ഉണ്ടോ?, സ്വർണക്കടത്ത് ഒരു ജില്ലയിൽ മാത്രമാണ് കൂടുതലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ഒന്ന് തൊട്ടുനോക്ക്, ലൗ ജിഹാദുണ്ടെന്ന് ഒന്നര പതിറ്റാണ്ട് മുൻപ് പറഞ്ഞ വി.എസ് ജീവിച്ചിരിപ്പുണ്ട്, കേസ് കൊടുക്ക്‌, കേരളത്തിലെ ജയിലുകൾ മതിയാവാതെ വരും'- ജോർജ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോർജിന്റെ പ്രതികരണം.

അടുത്തിടെ എംഡിഎംഎ, കഞ്ചാവ് കേസുകളിൽ പിടിക്കപ്പെട്ട ആളുകളെ പരിശോധിച്ചാൽ അവരെല്ലാവരും മദ്രസയിൽ പോയിട്ടുണ്ടെന്നായിരുന്നു വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മാർച്ച് എട്ടിന് മലപ്പുറത്ത് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കെ.ടി ജലീൽ പറഞ്ഞത്. സത്യത്തിൽ ഏറ്റവുമധികം ധാർമികമായി മുന്നിൽ നിൽക്കേണ്ടത് മുസ്‌ലിംകളാണെന്നും എന്നാൽ മതപാഠശാലയിൽ പോകാത്ത സഹോദരസമുദായങ്ങൾ പുലർത്തുന്ന ധാർമിക ബോധം പോലും മദ്രസയിൽ പോവുന്നെന്ന് പറയുന്ന മുസ്‌ലിം സമുദായാംഗങ്ങളിൽ നിന്നുണ്ടാവുന്നില്ല എങ്കിൽ അതെന്താണെന്ന് പരിശോധിക്കണമെന്നും കെ.ടി ജലീൽ പറ‍ഞ്ഞിരുന്നു.


Similar Posts