
വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; രണ്ട് പേര്‍ മരിച്ചു
|കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവി, ഷാജി എന്നിവരാണ് മരിച്ചത്
തിരുവനന്തപുരം: ഹോട്ടലിൽ നിന്നും മത്സ്യ വിഭവങ്ങൾ കഴിച്ച കൊല്ലം സ്വദേശികൾ മരിച്ചത് ഭക്ഷ്യ വിഷബാധ കാരണമെന്ന് സംശയം. കൊല്ലംനിലമേൽ സ്വദേശികളായ റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജിമോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് റിപ്പോർട്ട് തേടിയതായി ആരോഗ്യ മന്ത്രി പ്രതികരിച്ചു.
ആറു പേരടങ്ങുന്ന സംഘം കഴിഞ്ഞ രാത്രിയാണ് തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് ഭക്ഷണം കഴിച്ചത്. തിരികെ നിലമേലിലേക്ക് മടങ്ങവേ റഷീദാ ബീവിക്കും മരുമകൻ ഷാജിക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായി. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കണവ ഉൾപ്പടെ ഉള്ള വിഭവങ്ങൾ ആണ് കുടുംബം കഴിച്ചത്.
പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കുവേണ്ടി ഷാജിയുടെ ഭാര്യയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഷാജിയുടെ 15ഉം പത്തും വയസുള്ള കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. വിശദ പരിശോധയിൽ മാത്രമേ കാരണത്തിൽ വ്യക്തത ഉണ്ടാകൂ എന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ഹോട്ടലിൽ പൊലീസും ആരോഗ്യവകുപ്പും പരിശോധന നടത്തിയ ശേഷം താൽക്കാലികമായി അടച്ചു.