< Back
Kerala
veena george
Kerala

കോവിഡിനെതിരെ മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ എടുക്കണം: മന്ത്രി വീണാ ജോർജ്

Web Desk
|
10 Jun 2025 9:23 PM IST

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7,എക്‌സ് എഫ് ജി എന്നിവയാണ് കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത്

തിരുവനന്തപുരം: പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വൻസിംഗ് നടത്തി വരുന്നു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7,എക്‌സ് എഫ് ജി എന്നിവയാണ് കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കുറവാണെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവിൽ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരിൽ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയിൽ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. കോവിഡ് കാരണം അനാവശ്യമായി രോഗികളെ സ്വകാര്യ ആശുപത്രികൾ റഫർ ചെയ്യരുതെന്ന് നിർദേശം നൽകി. ആശുപത്രികളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കേണ്ടതാണ്.

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. പ്ലാന്റേഷൻ ഏരിയകളിൽ ഡെങ്കിപ്പനി വ്യാപനം കാണുന്നതിനാൽ ശ്രദ്ധിക്കണം. പ്ലാന്റേഷനുകളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കാനും കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്താനും ഉടമകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി നടപടി സ്വീകരിക്കുന്നതാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധത്തിനായി മൈക്രോപ്ലാൻ അനുസരിച്ച് കൃത്യമായ പ്രവർത്തനങ്ങൾ നടത്തണം.

എലിപ്പനിയ്‌ക്കെതിരെ നിരന്തര ജാഗ്രത വേണം. മലിനജലത്തിലിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം. രക്ഷാപ്രവർത്തനത്തിലിറങ്ങിയവർ ഉൾപ്പെടെ പ്രത്യേകം ശ്രദ്ധിക്കണം. ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി പൊതുജനാരോഗ്യ നിയമ പ്രകാരം പരിശോധനകൾ നടത്തി കർശന നടപടി സ്വീകരിക്കണം.

മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരേയും ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർ ആർ ടി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Similar Posts