
ചൂരൽമല - മുണ്ടക്കൈ ദുരന്തബാധിതർക്ക് പീപ്പിൾസ് ഫൗണ്ടേഷന്‍റെ കൈത്താങ്ങ്; പ്രൊജക്ട് കോംപ്ലക്സിൻ്റെ ശിലാസ്ഥാപനം നടന്നു
|മേപ്പാടിയിലെ തൃക്കൈപറ്റ മുക്കംകുന്നിലാണ് വിപുലമായ സൗകര്യങ്ങളോടെ പ്രോജക്ട് കോംപ്ലക്സ് നിർമ്മിക്കുന്നത്
വയനാട്: ചൂരൽമല - മുണ്ടക്കൈ ദുരന്തബാധിതർക്കായി പീപ്പിൾസ് ഫൗണ്ടേഷൻ നിർമിക്കുന്ന പ്രൊജക്ട് കോംപ്ലക്സിൻ്റെ ശിലാസ്ഥാപനം ജമാഅത്തെ ഇസ്‍ലാമി അമീര്‍ പി. മുജീബ് റഹ്‌മാന്‍ നിർവഹിച്ചു. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 20 കോടി രൂപ ചെലവിൽ പ്രഖ്യാപിച്ച എറൈസ് മേപ്പാടി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രൊജക്ട് കോംപ്ലക്സ് നിർമിക്കുന്നത്.
മേപ്പാടിയിലെ തൃക്കൈപറ്റ മുക്കംകുന്നിലാണ് വിപുലമായ സൗകര്യങ്ങളോടെ പ്രോജക്ട് കോംപ്ലക്സ് നിർമ്മിക്കുന്നത്. പീപ്പിൾസ് ഫൗണ്ടേഷൻ വില കൊടുത്ത് വാങ്ങിയ നാല് ഏക്കർ ഭൂമിയിലാണ് എറൈസ് മേപ്പാടി പുനരധിവാസ പദ്ധതിയുടെ ഭാഗമായ പ്രൊജക്ട് കോംപ്ലക്സിൻ്റെ നിർമാണം. ദൈവപ്രീതി മാത്രമാണ് പീപ്പിൾസ് ഫൗണ്ടേഷൻ്റെ പ്രചോദനമെന്ന് ജമാഅത്തെ ഇസ്‍ലാമി അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. കേന്ദ്രം കേരളീയരോട് രാഷ്ട്രീയ വിരോധം തീർക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിപുലമായ പദ്ധതികളാണ് പ്രദേശത്ത് ആസൂത്രണം ചെയ്യുന്നതെന്ന് പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം.അബ്ദുൽ മജീദ് പറഞ്ഞു. ദുരന്ത ബാധിതരോടുള്ള സർക്കാരുകളുടെ സമീപനം ആശാവഹമല്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു. ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതരോടുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം. ദുരന്തം സംഭവിച്ച് ആറ് മാസം പിന്നിട്ടിടും പുനരധിവാസത്തിൻ്റെ മാർഗരേഖ പോലും തയാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.