< Back
Kerala
പെരിയ ഇരട്ടക്കൊല; സി.പി.എം ജില്ലാ നേതാക്കളെയും പ്രതി ചേർത്തേക്കും
Kerala

പെരിയ ഇരട്ടക്കൊല; സി.പി.എം ജില്ലാ നേതാക്കളെയും പ്രതി ചേർത്തേക്കും

Web Desk
|
2 Dec 2021 6:19 AM IST

സി. ബി.ഐ ഇന്നലെ അറസ്റ്റ് ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജുവടക്കമുള്ള അഞ്ചു പ്രാദേശിക നേതാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും

പെരിയ ഇരട്ടക്കൊലക്കേസിൽ സി.പി.എം ജില്ലാ നേതാക്കളെ പ്രതി ചേർക്കാനൊരുങ്ങി അന്വേഷണ സംഘം. മുൻ എം.എൽ.എ ഉൾപ്പടെയുള്ള ഉന്നത നേതാക്കളെ പ്രതി ചേർത്തേക്കുമെന്നാണ് സൂചന. സി. ബി.ഐ ഇന്നലെ അറസ്റ്റ് ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജുവടക്കമുള്ള അഞ്ചു പ്രാദേശിക നേതാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ് എന്നിവരുടെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് സി.ബി.ഐ രേഖപ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. കൊലപാതകത്തിലെ ഗൂഢാലോചന നടത്തുക, കൊലപാതകത്തിന് സഹായകരമായ വിവരങ്ങൾ കൈമാറുക, ആയുധങ്ങൾ സമാഹരിച്ച് നൽകുക, വാഹന സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ പ്രതികൾ ചെയ്തതായി അന്വേഷണസംഘം പറയുന്നു. ഉദുമ മുൻ എം.എല്‍.എ കെ.വി കുഞ്ഞിരാമൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ ഇന്നലെ വീണ്ടും ചോദ്യംചെയ്തിരുന്നു.

സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പേർ അടക്കം ഇപ്പോൾ ആകെ 19 പേരാണ് പ്രതികൾ. ഇതിൽ ഉദുമ മുൻ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവർ ജാമ്യത്തിലാണ്. വരും ദിവസങ്ങളിൽ സി.പി. എം ജില്ലാ നേതാക്കളെ അടക്കം അന്വേഷണ സംഘം പ്രതി ചേർത്തേക്കുമെന്നാണ് സൂചന. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും വിവരമുണ്ട്.

Similar Posts