< Back
Kerala
പെരിയ ഇരട്ടക്കൊല; കെ.വി കുഞ്ഞിരാമനടക്കമുള്ള സി.പി.എം നേതാക്കൾ ഇന്ന് കോടതിയില്‍ ഹാജരാകും
Kerala

പെരിയ ഇരട്ടക്കൊല; കെ.വി കുഞ്ഞിരാമനടക്കമുള്ള സി.പി.എം നേതാക്കൾ ഇന്ന് കോടതിയില്‍ ഹാജരാകും

Web Desk
|
15 Dec 2021 7:04 AM IST

സി.ബി.ഐ പ്രതി ചേർത്ത 5 പേരോടും നേരത്തെ ജാമ്യം ലഭിച്ച മൂന്നു പേരോടും ഇന്ന് കോടതിയിൽ ഹാജരാവണമെന്ന് കാട്ടി നോട്ടീസ് നൽകിയിരുന്നു

പെരിയ ഇരട്ട കൊലക്കേസിൽ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമനടക്കമുള്ള സി.പി.എം നേതാക്കൾ ഇന്ന് എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാവും. സി.ബി.ഐ പ്രതി ചേർത്ത 5 പേരോടും നേരത്തെ ജാമ്യം ലഭിച്ച മൂന്നു പേരോടും ഇന്ന് കോടതിയിൽ ഹാജരാവണമെന്ന് കാട്ടി നോട്ടീസ് നൽകിയിരുന്നു. ജയിലിലുള്ള 16 പ്രതികളെയും കോടതിയിൽ ഹാജരാക്കും.

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എം എൽ എ യുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.മണികണ്ഠൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, ആലക്കോട് മണി, കെ.വി.ഭാസ്കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരാണ് ഇന്ന് കോടതിയിൽ ഹാജരാവുക. കേസിലെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കുകയും പ്രതികൾക്ക് സംരക്ഷണം നൽകുകയും ചെയ്തുവെന്നാണ് കെ.വി കുഞ്ഞിരാമനെതിരെ ചുമത്തിയ കുറ്റം. ആകെയുള്ള 24 പ്രതികളിൽ 16 പേർ ഇപ്പോൾ ജയിലിലാണ്. ഇവരെയും കോടതിയിൽ ഹാജരാക്കും.

സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പേർ കാക്കനാട് സബ് ജയിലിലും നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത 11 പേർ കണ്ണൂർ സെൻട്രൽ ജയിലിലുമാണുള്ളത്. കുറ്റപത്രത്തിന്‍റെ പകർപ്പ് നൽകുന്നതടക്കമുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പ്രതികളോട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചത്.



Similar Posts