
ആരിഫ് ഹുസൈന്‍ തെരുവത്ത്
'മതസ്പര്‍ദ്ധയുണ്ടാക്കുന്നു'; യുക്തിവാദി നേതാവ് ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി
|ബാങ്കുവിളിയെ പരിഹസിക്കുന്ന സ്വഭാവത്തിൽ ആരിഫ് ഹുസൈൻ തെരുവത്ത് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പരാതിക്ക് ആധാരം.
കൊച്ചി: മതസ്പർദ്ധയുണ്ടാക്കുന്ന രൂപത്തിൽ നമസ്കാരത്തിന് മുമ്പുള്ള ബാങ്ക് വിളിയെ അധിക്ഷേപിച്ച യുക്തിവാദ നേതാവ് ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി. പൊലീസില്‍ നൽകിയ പരാതിയിൽ നടപടി എടുക്കാത്തത് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ ഹരജി നല്‍കിയത്.
മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി മൊയ്തീൻകുട്ടിയാണ്, അഭിഭാഷകൻ വി.കെ റഫീഖ് മുഖേന ഹൈക്കോടതിയിൽ ഹരജി നൽകിയത്.
ഇസ്‌ലാമിക ആചാരമായ ബാങ്കുവിളിയെ പരിഹസിക്കുന്ന സ്വഭാവത്തിൽ ആരിഫ് ഹുസൈൻ തെരുവത്ത് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പരാതിക്ക് ആധാരം. ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ മത അവഹേളനത്തിന്, ക്രിമിനൽ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു. കോട്ടക്കൽ പൊലീസ്, ഡിവൈഎസ്പി, മലപ്പുറം ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ല. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. എന്നാൽ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
ഹരജിയിൽ, പ്രോസിക്യൂഷനോട് കോടതി വിശദീകരണം തേടി. നിലവിൽ പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ പൊലീസിനും ഹൈക്കോടതി നിർദേശം നൽകി. വിശ്വാസികളെ അവഹേളിക്കുന്നതും, വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആരിഫ് ഹുസൈൻ്റെ പോസ്റ്റുകൾക്കെതിരെ നേരത്തെ ഈരാറ്റുപേട്ട സ്വദേശി എൻ.എം.നിയാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാമൂഹിക സ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ കോടതി ഇടപെടണം എന്നാവശ്യപ്പെട്ടായിരുന്നു ഹരജി. അന്ന് സമൂഹമാധ്യമങ്ങളിലെ ആരിഫ് ഹുസൈൻ്റെ പോസ്റ്റുകളും ഹരജിക്കാരുടെ വാദവും പരിശോധിച്ച കോടതി, ആരിഫ് ഹുസൈന് നോട്ടീസ് അയച്ച് വിശദീകരണം ചോദിച്ചിരുന്നു.
സംഭവത്തിൽ കേസെടുത്ത്, അന്വേഷണം പുരോഗമിക്കുകയാണെന്ന് ഈരാറ്റുപേട്ട പൊലീസും കോടതിയെ അറിയിച്ചു. ഇതോടെ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ കോടതിയെ അറിയിക്കുകയായിരുന്നു. കോടതി ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.