
'അധികാരത്തോടുള്ള ദാസ്യം'; നിലമ്പൂരിൽ വോട്ടില്ലാത്തതിനാൽ കണ്ണീരൊഴുക്കുന്ന എഴുത്തുകാരെ ഓര്‍ത്ത് പൊട്ടിക്കരയുന്നുവെന്ന് പി.എഫ് മാത്യൂസ്
|അധികാരത്തോടുള്ള ദാസ്യം എന്നല്ലാതെ മറ്റൊന്നും പറയാനില്ല
തിരുവനന്തപുരം: നിലമ്പൂരിൽ വോട്ടില്ലാത്തതിനാൽ കണ്ണീരൊഴുക്കുകയും വാവിട്ടു കരയുകയും ചെയ്യുന്ന എഴുത്തുകാരെ ഓർത്ത് പൊട്ടിക്കരഞ്ഞു പോകുന്നുവെന്ന് പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ് മാത്യൂസ്. അധികാരത്തോടുള്ള ദാസ്യം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമര്‍ശിച്ചു. നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് പിന്തുണയുമായി എഴുത്തുകാരി കെ.ആര്‍ മീര രംഗത്തെത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പരോക്ഷ വിമര്‍ശം.
പി.എഫ് മാത്യൂസിന്‍റെ കുറിപ്പ്
നിലമ്പൂരിൽ വോട്ടില്ലാത്തതിനാൽ കണ്ണീരൊഴുക്കുകയും വാവിട്ടു കരയുകയും ചെയ്യുന്ന എഴുത്തുകാരെ ഓർത്ത് പൊട്ടിക്കരഞ്ഞു പോകുന്നു!! അധികാരത്തോടുള്ള ദാസ്യം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
നിലമ്പൂരിൽ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 'സ്വരാജിനൊപ്പം' സംഗമം ഉദ്ഘാടനം ചെയ്തത് മീരയായിരുന്നു. ജനാധിപത്യ രാജ്യത്തെ രാഷ്‌ട്രീയ പ്രവർത്തകർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്‌തുതീർക്കാനുണ്ടെന്ന് വിശ്വസിച്ച് പ്രവർത്തിക്കുന്നയാളാണ് സ്വരാജെന്ന് അവർ പറഞ്ഞു. "അമാന്യമായ വാക്കുകള്‍ ഉപയോഗിക്കാതെ ഇക്കാലത്തും രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ നിലനില്‍ക്കാന്‍ കഴിയുമെന്ന് സ്വരാജ് ബോധ്യപ്പെടുത്തുന്നു. സ്വരാജിനൊപ്പം അദ്ദേഹത്തിന് ചുറ്റുമുള്ള സമൂഹവും വളരുകയാണ്' എന്നാണ് മീര പറഞ്ഞത്.
നിലമ്പൂരിൽ സ്വരാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്ത് മീര എത്തിയിരുന്നു. ''അവഹേളനവും സ്വഭാവഹത്യയുമാണു രാഷ്ട്രീയപ്രവർത്തനം എന്നു വിശ്വസിച്ച് എഫ്.ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠൻമാരും അയ്യപ്പൻകോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദി. മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനം'' എന്നായിരുന്നു മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്.
എം. സ്വരാജ് നല്ല മാതൃകയാണെന്നും പുരോഗമന രാഷ്ട്രീയത്തിന്‍റെ വക്താവാണെന്നും അദ്ദേഹം നിയമസഭയിലുണ്ടാകേണ്ടത് അനിവാര്യതയാണെന്നും മീര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.