< Back
Kerala
നടപടിയെടുത്തെങ്കിലും സുധാകരനെ ഒപ്പം നിർത്താനുള്ള നീക്കവുമായി സിപിഎം നേതൃത്വം
Kerala

നടപടിയെടുത്തെങ്കിലും സുധാകരനെ ഒപ്പം നിർത്താനുള്ള നീക്കവുമായി സിപിഎം നേതൃത്വം

Web Desk
|
7 Nov 2021 6:13 AM IST

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സുധാകരന്‍ ക്ലിഫ് ഹൌസിലെത്തി കൂടിക്കാഴ്ച നടത്തി

അച്ചടക്ക നടപടി സ്വീകരിച്ചെങ്കിലും ജി സുധാകരനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ സിപിഎം തുടരും. ഇതിന്‍റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സുധാകരന്‍ ക്ലിഫ് ഹൌസിലെത്തി കൂടിക്കാഴ്ച നടത്തിയത്. അതിനിടെ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു.

സുധാകരനെ തിരുത്തി കൂടെ നിര്‍ത്തണമെന്ന സെക്രട്ടറിയേറ്റിന്‍റെ തീരുമാനപ്രകാരമാണ് മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. നടപടിയെടുത്തെങ്കിലും സുധാകരനെ മാറ്റിനിര്‍ത്താന്‍ നേതൃത്വം ആഗ്രഹിക്കുന്നില്ല. അത് ബോധ്യപ്പെടുത്താനുള്ള ദൌത്യം പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിക്ക് നല്‍കുകയും ചെയ്തു. വൈകിട്ടത്തെ കൂടിക്കാഴ്ചയോടെ സുധാകരന് അനുനയത്തിന്‍റെ പാതയില്‍ എത്തുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

അതിനിടെ പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നു. എച്ച് സലാമിനെ പരാജയപ്പെടുത്താന്‍ സുധാകരന്‍ ശ്രമിച്ചില്ല. എന്നാല്‍ നേതാവിന്‍റേതായ ഇടപെടല്‍ വിജയത്തിനായി ഉണ്ടായില്ല. സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന് സുധാകരന്‍ പ്രതീക്ഷിച്ചു. മാറ്റം ഉള്‍ക്കൊണ്ട് നേതാവിന്‍റെ ഉത്തരവാദിത്വം അദ്ദേഹം നിര്‍വഹിച്ചില്ല. മാറ്റത്തോടുണ്ടായ അസംതൃപ്തി സുധാകരന്‍റെ പെരുമാറ്റത്തില്‍ നിഴലിച്ചു. സംസാരഭാഷയിലും ശരീരഭാഷയിലും ഇത് പ്രകടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ സുധാകരനെ തെറ്റ് തിരുത്തി കൂടെ നിര്‍ത്തണമെന്ന് ആലപ്പുഴയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് സംസ്ഥാന കമ്മിറ്റിയില്‍ സുധാകരന്‍ സ്വീകരിച്ച നിലപാട്.

Related Tags :
Similar Posts