< Back
Kerala
Pinarayi reaction on Vellappally hate speech
Kerala

'ന്യൂനപക്ഷ വിഭാഗത്തിന് തെറ്റിദ്ധാരണ ഉണ്ടാകത്തക്ക രീതിയിലുള്ള പരാമർശങ്ങൾ ഇല്ലാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം'; വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനയിൽ മുഖ്യമന്ത്രി

Web Desk
|
9 April 2025 9:36 PM IST

വഖഫ് ഭേദഗതി ബിൽ പാസായതോടെ മുനമ്പം പ്രശ്‌നത്തിന് പരിഹാരമാവും എന്നത് തെറ്റിദ്ധരിപ്പിക്കലാണ്. ആസൂത്രിതമായി സാമുദായിക സംഘർഷത്തിന് തീ കോരിയിടാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിന് തെറ്റിദ്ധാരണ ഉണ്ടാകത്തക്ക രീതിയിലുള്ള പരാമർശങ്ങൾ ഇല്ലാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവന സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'മുസ്‌ലിം വിഭാഗത്തെയും ന്യൂനപക്ഷ വിഭാഗത്തെയും ശക്തമായി ആക്ഷേപിക്കാനുള്ള നടപടികളുമായി സംഘ്പരിവാർ നീങ്ങുകയാണ്. അതിനാവശ്യമായ എല്ലാ പ്രചാരണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. ഏത് കാര്യത്തിലും അത്തരമൊരു നിലപാടാണ് സ്വീകരിച്ചുപോകുന്നത്. ആ ഒരു ഘട്ടത്തിൽ ന്യൂനപക്ഷ വിഭാഗത്തിന് തെറ്റിദ്ധാരണ ഉണ്ടകത്തക്ക രീതിയിലുള്ള പരാമർശങ്ങൾ ഇല്ലാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ വെള്ളാപ്പള്ളി വിശദീകരണം നൽകിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ അത് ശ്രദ്ധിക്കേണ്ടതാണ് എല്ലാവരും...'- മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ഭേദഗതി ബിൽ പാസായതോടെ മുനമ്പം പ്രശ്‌നത്തിന് പരിഹാരമാവും എന്നത് തെറ്റിദ്ധരിപ്പിക്കലാണ്. ആസൂത്രിതമായി സാമുദായിക സംഘർഷത്തിന് തീ കോരിയിടാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. മുനമ്പത്തെ വിഷയം ന്യായമായതാണ്. എന്നാൽ സങ്കീർണ്ണവുമാണ്. വർഷങ്ങളായി ഇവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിൻറെ പ്രതിവിധിക്കായി എന്തു ചെയ്യണം എന്നതു സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനാണ് കമീഷനെ നിയോഗിച്ചത്. ഹൈകോടതി സിംഗിൾ ബെഞ്ചിൻറെ വിധി എതിരായെങ്കിലും ഇപ്പോൾ ഡിവിഷൻ ബെഞ്ച് വിധി വന്നിരിക്കുകയാണ്. വിധി മുനമ്പം കമീഷൻറെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സഹായകമാവും. അതുവഴി പ്രശ്‌ന പരിഹാരവും സാധ്യമാവും.

എന്നാൽ വഖഫ് നിയമ ഭേദഗതി നിയമം വന്നതുകൊണ്ട് അവിടെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരമാവുന്നില്ല എന്നാണ് കാണേണ്ടത്. ബിൽ അവതരിപ്പിച്ച മന്ത്രിതന്നെ ഇതിന് മുൻകാല പ്രാബല്യമില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പാസായ ബില്ലിലെ ഏത് ക്ലോസാണ് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കുന്നത് എന്നത് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നുമില്ല. പുകമറ സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടം വല്ലതും കിട്ടുമോ എന്നാണ് ബിജെപി ഇവിടെ ശ്രമിക്കുന്നത്. ഇക്കാര്യം മുനമ്പം നിവാസികൾക്ക് തന്നെ ബോധ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts