< Back
Kerala
Pinarayi Vijayan interview with Pramod Raman
Kerala

'മലപ്പുറം വിദ്വേഷം'; വെള്ളാപ്പള്ളി അനുഭവം പറയുമ്പോള്‍ ഞാനെന്തിന് ലീഗിനെ പിന്തുണയ്ക്കണം? : മുഖ്യമന്ത്രി

Web Desk
|
21 March 2026 7:15 PM IST

'വെള്ളാപ്പള്ളി എൻ്റെ കാറില്‍ കയറിയതില്‍ അപാകതയില്ല. കാറില്‍ ആര് കയറി എന്നതിലല്ല രാഷ്ട്രീയ നിലപാട്'

കണ്ണൂര്‍: വെള്ളാപ്പള്ളി നടേശന്‍ അനുഭവം പറയുമ്പോള്‍ താന്‍ എന്തിന് മുസ്‌ലിം ലീഗിനെ പിന്തുണച്ച് നിലപാട് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളി തന്റെ കാറില്‍ കയറിയതില്‍ അപാകതയില്ല. കാറില്‍ ആര് കയറി എന്നതിലല്ല തന്റെ രാഷ്ട്രീയ നിലപാട്. വിമര്‍ശിച്ചത് മുസ്‌ലിംകളെയല്ല മുസ്‌ലിം ലീഗിനെയാണെന്ന് വെള്ളാപ്പള്ളി വിശദീകരണം നല്‍കിയിട്ടുണ്ട്. വെള്ളാപ്പള്ളി ഒരു അഭിപ്രായം പറയുമ്പോള്‍ ലീഗിനെ ന്യായീകരിക്കേണ്ട ബാധ്യത തനിക്കില്ലെന്നും മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന്‍ ശത്രുവിന്റെ കയ്യിലെ കോടാലിയായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞികൃഷ്ണനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് തയാറായില്ല. പയ്യന്നൂരിലെ പാര്‍ട്ടി വലിയ പാരമ്പര്യമുള്ളതാണ്. അവിടെ ഏതെങ്കിലും തരത്തിലുള്ള ധനാപഹരണം ഉണ്ടായിട്ടില്ലെന്ന് പാര്‍ട്ടിക്ക് പരിശോധിച്ച് ബോധ്യമായ കാര്യമാണ്. എന്നാല്‍ കുഞ്ഞികൃഷ്ണന്‍ അതില്‍ വ്യക്തിപരമായി വിരോധ നിലപാട് സ്വീകരിച്ചു. കുഞ്ഞികൃഷ്ണനെ തിരുത്തിക്കാന്‍ ശ്രമിച്ച് തിരികെ കൊണ്ടുവന്ന് ഒപ്പം നിര്‍ത്താനാണ് പാര്‍ട്ടി ശ്രമിച്ചത്. എന്നാല്‍, കുഞ്ഞികൃഷ്ണന്റെ വൈരനിര്യാതന ബുദ്ധി കമ്യൂണിസ്റ്റ് ബോധ്യത്തെ കീഴ്‌പ്പെടുത്തി. അതിന്റെ ഭാഗമായാണ് പാര്‍ട്ടിശത്രുക്കളുടെ കയ്യിലെ കോടാലിയാകാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ ശ്യാമള മികച്ച നേതാവാണ്. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയാണെന്ന കാരണത്താല്‍ ഒരാളെ മാറ്റിനിര്‍ത്തണോ. തളിപ്പറമ്പിലെ സ്ഥാനാര്‍ഥി വനിതയാകണമെന്ന് തീരുമാനിച്ചാല്‍ പി.കെ ശ്യാമളയെ തള്ളിക്കളയാനാകില്ല. അത് മനസ്സിലാക്കാനുള്ള വിവേകം ടി.കെ ഗോവിന്ദന് നഷ്ടപ്പെട്ടു. അദ്ദേഹവും ശത്രുവിന്റെ കയ്യിലെത്തിച്ചേര്‍ന്നു. എന്നാല്‍, അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും മന്ത്രിമാര്‍ ആരും പിന്നോട്ട് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും രണ്ട് ഊഴം പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കുകയാണ് പൊതുവേയുള്ള നിലപാട്. എന്നാല്‍, മണ്ഡലത്തിന്റെ പ്രത്യേകതയനുസരിച്ച് നിലവിലുള്ളയാള്‍ തുടരട്ടെ എന്ന് തീരുമാനമെടുക്കാറുണ്ട്. വിജയസാധ്യത മുന്‍നിര്‍ത്തി ചില തീരുമാനങ്ങളെടുക്കാറുണ്ട്. കെ.കെ ശൈലജയെ പേരാവൂരില്‍ മത്സരിപ്പിച്ചതും ഷംസീര്‍ മത്സരിക്കാത്തതും ഇതിന്റെ ഭാഗമാണ് -മുഖ്യമന്ത്രി പറഞ്ഞു.


Similar Posts