< Back
Kerala
നിരന്തരമായി ദൈവനിഷേധം കാണിക്കുന്ന ആളാണ് പിണറായി വിജയൻ: ജോർജ് കുര്യൻ
Kerala

നിരന്തരമായി ദൈവനിഷേധം കാണിക്കുന്ന ആളാണ് പിണറായി വിജയൻ: ജോർജ് കുര്യൻ

Web Desk
|
8 Nov 2025 12:15 PM IST

എല്ലാ കാലഘട്ടത്തിലും ദൈവവിശ്വാസത്തിന് എതിരാണ് കമ്മ്യൂണിസ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു

പാലക്കാട്: നിരന്തരമായി ദൈവനിഷേധം കാണിക്കുന്ന ആളാണ് പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ക്ഷേത്രങ്ങളും വിശ്വാസങ്ങളും ഇല്ലാതായാലേ കമ്മ്യൂണിസം വളരുകയുള്ളു എന്ന് വിശ്വസിക്കുന്നയാളാണ് പിണറായി വിജയൻ. ശബരിമലയിൽ ചെയ്തതെല്ലാം ദൈവ നിഷേധത്തിൽ അധിഷ്ഠിതമായ അവരുടെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ജോർജ് കുര്യൻ.

ശബരിമലയിൽ കഴിഞ്ഞകാലങ്ങളിലും കുഴപ്പമുണ്ടായിട്ടുണ്ട്. അതിന്റെ അടിസ്ഥാന കാരണം കമ്മ്യൂണിസ്റ്റുകാർ ദൈവനിഷേധികളായതാണ്. മുഖ്യമന്ത്രിക്ക് ഇപ്പോൾ വിശ്വാസം ഉണ്ടായിരിക്കുന്നു എന്നാണ് പറയുന്നത്. ഇത് എല്ലാം അവരുടെ അടവാണ്. എല്ലാ കാലഘട്ടത്തിലും ദൈവവിശ്വാസത്തിന് എതിരാണ് കമ്മ്യൂണിസ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്വർണക്കൊള്ളയിൽ ഹൈക്കോടതിയാണ് ഇടപെട്ടിരിക്കുന്നതെന്നും പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റിന് കഴിഞ്ഞ കാര്യത്തിൽ ഒന്നും ചെയ്യാൻ ആകില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു. കോടതി നിർദ്ദേശത്തിൽ നടക്കുന്ന അന്വേഷണം നടക്കട്ടെ. അതിനുശേഷം കേന്ദ്രം ഇടപെടണമോ എന്ന് തീരുമാനിക്കാം. അന്വേഷണം ഏജൻസിക്കാണ് ഇതിനെക്കുറിച്ച് എല്ലാം അറിയുന്നത്, കേന്ദ്ര മന്ത്രിമാർക്ക് ഒന്നുമറിയില്ല. കേന്ദ്ര ഏജൻസിയെ അറിയിക്കുകയാണെങ്കിൽ അവർ ഇടപെടുമെന്നും ജോർജ് കുര്യൻ.

Similar Posts