< Back
Kerala
അമ്മയേയും പെങ്ങളേയും തിരിച്ചറിയണം; വിരട്ടൽ കൊണ്ട് കാര്യം നേടിക്കളയാമെന്ന് കരുതരുത്-ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
Kerala

'അമ്മയേയും പെങ്ങളേയും തിരിച്ചറിയണം; വിരട്ടൽ കൊണ്ട് കാര്യം നേടിക്കളയാമെന്ന് കരുതരുത്'-ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

Web Desk
|
12 Dec 2021 6:31 PM IST

ചെത്തുകാരൻ കോരന്റെ മകനാണെന്നതിൽ അഭിമാനിക്കുന്നു എന്ന് പലതവണ പറഞ്ഞതാണ്. ചെത്തുകാരന്റെ മകനാണെന്ന് പറഞ്ഞാൽ പിണറായി വിജയൻ ചൂളിപ്പോവുമെന്നാണ് കരുതുന്നതെങ്കിൽ ആ ചിന്ത വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗിനെതിരെ വീണ്ടും രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ ഹൈസ്‌കൂൾ കാലത്ത് മരണപ്പെട്ടുപോയ അച്ഛനെക്കുറിച്ച് പറയുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ചെത്തുകാരൻ കോരന്റെ മകനാണെന്നതിൽ അഭിമാനിക്കുന്നു എന്ന് പലതവണ പറഞ്ഞതാണ്. ചെത്തുകാരന്റെ മകനാണെന്ന് പറഞ്ഞാൽ പിണറായി വിജയൻ ചൂളിപ്പോവുമെന്നാണ് കരുതുന്നതെങ്കിൽ ആ ചിന്ത വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി മുഹമ്മദ് റിയാസിനെ അവഹേളിച്ച ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ കല്ലായിയുടെ പ്രസംഗത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ലീഗ് നേതാക്കളുടെ സംസ്‌കാരമെന്താണെന്ന് വഖഫ് സമ്മേളനത്തോടെ ജനങ്ങൾക്ക് മനസ്സിലായി. ഓരോരുത്തരുടെ സംസ്‌കാരത്തിന് അനുസരിച്ചാണ് ഓരോരുത്തരും സംസാരിക്കുക. അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ പറയാനാഗ്രഹിക്കുന്നില്ല. പക്ഷെ അമ്മയേയും പെങ്ങളേയും തിരിച്ചറിയണമെന്ന് മാത്രമാണ് ഓർമിപ്പിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വോട്ടുവിഹിതത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ലീഗിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുകയാണ്. വഖഫ് ബോർഡ് വിഷയത്തിൽ മുസ്‌ലിം ബഹുജനങ്ങൾക്ക് സർക്കാർ നിലപാട് ബോധ്യപ്പെട്ടിട്ടുണ്ട്. അത് അവർ തന്നെ പറഞ്ഞിട്ടുണ്ട്. വിരട്ടി കാര്യം നേടാമെന്ന് ലീഗ് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts