< Back
Kerala
pinarayi vijayan
Kerala

'അഴിമതിക്കാരോട് ഒരു ദാക്ഷിണ്യവും വേണ്ട'; വിജിലൻസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

Web Desk
|
27 Nov 2024 6:04 PM IST

അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി നിരീക്ഷിക്കണമെന്നും ചീഫ് വിജിലൻസ് ഓഫീസർമാരുടെ വാർഷിക സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: അഴിമതിക്കാരോട് ഒരു ദാക്ഷിണ്യവും വേണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി നിരീക്ഷിക്കണമെന്നും ചീഫ് വിജിലൻസ് ഓഫീസർമാരുടെ വാർഷിക സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

സിവിൽ സർവീസ് പൂർണമായും അഴിമതിമുക്തമാകണം. അർഹതപ്പെട്ട സേവനം കൃത്യമായി ലഭിച്ചാലേ ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവവേദ്യമാകൂ. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയാൽ സർക്കാരും ഉത്തരവാദിയായി മാറും. അഴിമതി തടയുന്നതിന് തക്കതായ ഇടപെടൽ ഉണ്ടാകണം. അഴിമതി കുറഞ്ഞ സംസ്ഥാനമായതിൽ മാത്രം തൃപ്തമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

താത്കാലിക സൗകര്യത്തിനു വേണ്ടി അഴിമതി കാണിക്കാൻ തയ്യാറായവർ ശിഷ്ടകാലം എങ്ങനെ ജീവിക്കേണ്ടി വന്നു എന്നത് അനുഭവപാഠമാണ്. വഴിവിട്ട കാര്യങ്ങളുണ്ടെന്നറിഞ്ഞാൽ കണ്ടില്ല, കേട്ടില്ല എന്ന് നടിക്കാൻ പാടില്ല. പൊതുജനങ്ങളുമായി ഏറ്റവും സമ്പർക്കം പുലർത്തുന്ന വകുപ്പുകളിൽ നിരീക്ഷണം വേണം. ദുഷ്‌ചെയ്തികൾ ചെയ്യുന്ന അപൂർവം ചില ഉദ്യോഗസ്ഥരെ കണ്ടെത്താൻ വലിയ പ്രയാസമില്ല. ഉദ്യോഗസ്ഥർ സർവീസിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പരിശീലനം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts