< Back
Kerala
വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് എഴുത്തുകാരനായ യുവനേതാവ് ആവശ്യപ്പെട്ടു, ഒപ്പം നിന്നവര്‍ അദ്ദേഹത്തെ വഞ്ചിച്ചു: പിരപ്പന്‍കോട് മുരളി
Kerala

'വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് എഴുത്തുകാരനായ യുവനേതാവ് ആവശ്യപ്പെട്ടു, ഒപ്പം നിന്നവര്‍ അദ്ദേഹത്തെ വഞ്ചിച്ചു': പിരപ്പന്‍കോട് മുരളി

Web Desk
|
24 July 2025 3:05 PM IST

'ആരും അതിനെ എതിർത്തില്ല, പലരും ആസ്വദിക്കുകയാണ് ചെയ്തത്'

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് സമ്മേളനത്തില്‍ ഒരാള്‍ ആവശ്യപ്പെട്ടിരുന്നതായി സിപിഎം നേതാവ് പിരപ്പന്‍കോട് മുരളി. പാര്‍ട്ടിയിലെ യുവനേതാവും എഴുത്തുകാരനുമൊക്കെയായ ആളാണ് ആവശ്യപ്പെട്ടത്.

ആരും അതിനെ എതിര്‍ത്തില്ല. പലരും അത് ആസ്വദിക്കുകയാണ് ചെയ്തത്. രണ്ടായിരത്തിനുശേഷം പാര്‍ട്ടി സമ്മേളനങ്ങള്‍ വി.എസിനെതിരായ പകപോക്കല്‍ സമ്മേളനങ്ങളായി മാറിയെന്നും പിരപ്പന്‍കോട് മുരളി മീഡിയ വണിനോട് പറഞ്ഞു.

വി എസിനെതിരായ സമ്മേളനങ്ങളായി. വിഎസിനെ ഒപ്പം നിന്നവര്‍ വഞ്ചിച്ചു. സ്ഥാനമാനത്തിനും മറ്റു പ്രലോഭനങ്ങളുടെ പേരിലും മൂന്നുപേര്‍ മാറി. അതില്‍ ഒരാള്‍ മന്ത്രിയായി , രണ്ടുപേരെ സംസ്ഥാന കമ്മിറ്റിയിലേക്ക് ശുപാര്‍ശ ചെയ്തിരുന്നുവെന്നും പിരപ്പന്‍കോട് മുരളി വ്യക്തമാക്കി.

''വിഎസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുചാടിക്കാന്‍ ആണ് ഇവര്‍ ഉദ്ദേശിച്ചത്. തിരുത്തല്‍ ശക്തിയായി വി.എസ് നിന്നു. വിഎസിനെ മുഖ്യമന്ത്രിയാക്കണമെന്ന് 2016ല്‍ ഞാന്‍ ആവശ്യപ്പെട്ടു.

ഇതിന്റെ പേരിലാണ് പാര്‍ട്ടി പ്രായാധിക്യത്തിന്റെ പേര് പറഞ്ഞ് തന്നെ ഒഴിവാക്കിയത്. മാരാരിക്കുളത്തെ വി.എസിന്റെ തോല്‍വിക്ക് ഉത്തരവാദി രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഒരു സംസ്ഥാന സമിതി അംഗവും ചേര്‍ന്നാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വഭാവത്തിൽ അല്ല ഇന്നത്തെ പാർട്ടിയുടെ പ്രവർത്തനം. വിഎസിനെ പിന്തുണച്ചവർ ഇന്നും പാർട്ടിയിലുണ്ട് അവർക്ക് ഇപ്പോൾ ശബ്ദമില്ല. ശബ്ദിച്ചാൽ അവരും പുറത്താകും,'' പിരപ്പന്‍കോട് മുരളി പറഞ്ഞു.

Similar Posts