< Back
Kerala
വാളയാർ കേസിൽ സിബിഐ പ്രോസിക്യൂട്ടറായി പയസ് മാത്യുവിനെ നിയോഗിച്ചു
Kerala

വാളയാർ കേസിൽ സിബിഐ പ്രോസിക്യൂട്ടറായി പയസ് മാത്യുവിനെ നിയോഗിച്ചു

Web Desk
|
18 Dec 2024 7:59 PM IST

തൃശൂർ ജില്ലാ മുൻ ഗവൺമെന്റ് പ്ലീഡറും, പോക്‌സോ സ്‌പെഷ്യൻ പബ്ലിക്ക് പ്രോസിക്യൂട്ടറും, സീനിയർ അഭിഭാഷകനുമാണ് പയസ്

തൃശൂർ: വാളയാർ കേസിൽ സിബിഐ പ്രോസിക്യൂട്ടറായി തൃശൂരിൽ നിന്നുള്ള അഡ്വക്കേറ്റ് പയസ് മാത്യുവിനെ നിയോഗിച്ചു. മുൻ ജില്ലാ ഗവൺമെന്റ് പ്ലീഡറും, പോക്‌സോ സ്‌പെഷ്യൻ പബ്ലിക്ക് പ്രോസിക്യൂട്ടറും, സീനിയർ അഭിഭാഷകനുമാണ് പയസ്.

നിലവിൽ തൊടുപുഴ കുമാരമംഗലം ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് 27 പോക്‌സോ കേസുകളിലെ പ്രോസിക്യൂട്ടറാണ് പയസ്. ചാലക്കുടി രാജീവ് കൊലക്കേസിലും കണിമംഗലം കേസിലും പയസ് പ്രോസിക്യൂട്ടറാണ്. 33 വർഷമായി അഭിഭാഷകനായി പ്രവർത്തിക്കുന്ന ഇദേഹം മറ്റ് പ്രമാദമായ കേസുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പാലക്കാട് പോക്‌സോ സ്‌പെഷ്യൽ കോടതിയുടെ പരിധിയിലായിരുന്ന വാളയാർ കേസ് ഹൈക്കോടതി ഉത്തരവ് പ്രകാരം സിബിഐക്ക് കൈമാറുകയായിരുന്നു.

നവംബറിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ സോജനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സോജനെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് അമ്മയുടെ അപ്പീൽ.

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ക്രിമനൽ കേസ് തുടരാൻ നിർദേശം നൽകണമെന്നാണ് അപ്പീലിലെ ആവശ്യം. വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്കെതിരായ എം.ജെ സോജന്റെ വിവാദ പരാമർശത്തിലായിരുന്നു ക്രിമിനൽ കേസുണ്ടായിരുന്നത്. പോക്സോ നിയമപ്രകാരമുള്ള കേസ് കഴിഞ്ഞ സെപ്റ്റംബർ 11ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആധികാരികത പരിശോധിക്കാതെ സോജന്റെ പരാമർശം സംപ്രേഷണം ചെയ്ത സ്വകാര്യ ചാനലിനും മാധ്യമപ്രവർത്തകർക്കുമെതിരെ ആവശ്യമെങ്കിൽ കേസെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.

എം.ജെ സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. സർട്ടിഫിക്കറ്റ് നൽകരുതെന്ന കുട്ടികളുടെ അമ്മയുടെ ആവശ്യം തള്ളിയായിരുന്നു നടപടി.

Similar Posts