< Back
Kerala
തൊടുപുഴയിൽ വീണ്ടും മത്സരിക്കാൻ പി.ജെ ജോസഫ്; മകന്‍ അപു ഇടുക്കിയിലേക്ക്?
Kerala

തൊടുപുഴയിൽ വീണ്ടും മത്സരിക്കാൻ പി.ജെ ജോസഫ്; മകന്‍ അപു ഇടുക്കിയിലേക്ക്?

Web Desk
|
8 Feb 2026 10:08 AM IST

പി.ജെ ജോസഫിന്റെ പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് മകനെ തൊടുപുഴയിൽ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു

ഇടുക്കി: തൊടുപുഴയിൽ വീണ്ടും മത്സരിക്കാൻ പി.ജെ ജോസഫ്. മകൻ അപു ജോണ്‍ ജോസഫ് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. അപുവിനെ ഇടുക്കിയിൽ മത്സരിപ്പിക്കാനാണ് പാർട്ടിയിൽ ആലോചന. അപുവിനെ മത്സരിപ്പിച്ചാൽ കോൺഗ്രസിന് സീറ്റ് നൽകേണ്ടി വരില്ലെന്നും പാർട്ടിയിൽ വിലയിരുത്തലുണ്ട്.

തൊടുപുഴയിൽ 84കാരനായ പി ജെ ജോസഫ് ഒരിക്കൽ കൂടി അങ്കത്തിനിറങ്ങുകയാണ്. മകൻ അപു തൊടുപുഴയിൽ നിന്ന് മത്സരിക്കില്ല. പകരം ഇടുക്കിയിൽ മത്സരിച്ചേക്കും. പാർട്ടി ജില്ലാ പ്രസിഡൻ്റ് എം.ജെ ജേക്കബിനെയായിരുന്നു ഇടുക്കിയിൽ പരിഗണിച്ചിരുന്നത്. റോഷി അഗസ്റ്റിനെതിരെ ജേക്കബ് ദുർബല സ്ഥാനാർഥിയാണെന്ന വിമർശനം കോൺഗ്രസ് ഉയർത്തിയതോടെയാണ് അപുവിനെ രംഗത്തിറക്കാനുള്ള നീക്കം. സീറ്റ് സ്വന്തമാക്കാനുള്ള കോൺഗ്രസ് നീക്കത്തിന് ഇതുവഴി തടയിടാമെന്നാണ് ആലോചന. പി.ജെ ജോസഫ് വിജയിച്ചാൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ മന്ത്രിസ്ഥാനം ഉറപ്പാണ്. പി.ജെ ജോസഫ് മണ്ഡലത്തില്‍ അടുത്തിടെ സജീവമാകുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, എൽഡിഎഫിലേക്കുള്ള ജോസ് കെ മാണിയുടെ ക്ഷണം തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു. ക്ഷണം ജോസ് കെ. മാണിയുടെ തമാശയെന്ന് അപു ജോസഫ് പ്രതികരിച്ചു. ജോസഫ് വിഭാഗത്തിന്‍റെ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു എൽഡിഎഫിലേക്കുള്ള ജോസ് കെ. മാണിയുടെ ക്ഷണം. ക്ഷണത്തിനു പിന്നിലെ രാഷ്ട്രീയമറിഞ്ഞുകൊണ്ട് തന്നെയാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രതികരണം.


Similar Posts