< Back
Kerala
PK Firos
Kerala

മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമര്‍ശം; 'എരിവ് കയറ്റാനും എരിതീയിൽ എണ്ണയൊഴിക്കാനും ഒരുപാട് പേരുണ്ടാകും, എടുത്തുചാടരുത്': യൂത്ത് ലീഗ് പ്രവര്‍ത്തകരോട് പി.കെ ഫിറോസ്

Web Desk
|
7 April 2025 10:27 AM IST

അജണ്ട കൂടുതൽ വ്യക്തമാകുകയാണ്. ആദ്യം മലപ്പുറത്തിനെതിരെ വിദ്വേഷം പറയുക

മലപ്പുറം: മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ''അജണ്ട കൂടുതല്‍ വ്യക്തമാകുകയാണ്. ആദ്യം മലപ്പുറത്തിനെതിരെ വിദ്വേഷം പറയുക. പിന്നെ സാദിഖലി തങ്ങളുടെ കോലം കത്തിക്കുക. പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കുക. അതു വഴി മറ്റു പലര്‍ക്കും ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതാണെന്ന്'' പി.കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ചുങ്കത്തറയിൽ നടന്ന എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ കൺവെൻഷനിലായിരുന്നു വിദ്വേഷ പ്രസംഗം.വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു.

പി.കെ ഫിറോസിന്‍റെ കുറിപ്പ്

അജണ്ട കൂടുതൽ വ്യക്തമാകുകയാണ്. ആദ്യം മലപ്പുറത്തിനെതിരെ വിദ്വേഷം പറയുക. പിന്നെ സാദിഖലി തങ്ങളുടെ കോലം കത്തിക്കുക. പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കുക. അതു വഴി മറ്റു പലർക്കും ലാഭമുണ്ടാക്കിക്കൊടുക്കുക. യൂത്ത് ലീഗ് പ്രവർത്തകരോടാണ്, എരിവ് കയറ്റാനും എരിതീയിൽ എണ്ണയൊഴിക്കാനും ഫേസ്ബുക്കിൽ വികാര ജീവികളൊരുപാടുണ്ടാകും. അവരുടെ വാക്ക് കേട്ട് എടുത്ത് ചാടരുത്. നിങ്ങളെ സംയമന പാർട്ടി എന്നും കഴിവു കെട്ടവരെന്നും അവരാക്ഷേപിക്കും. അവഗണിച്ചേക്കുക. നമ്മുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും താൽപര്യം ഈ നാടിന്‍റെ സമാധാനമാണ്. സൗഹാർദ്ദമാണ്. മറക്കരുത്.

Similar Posts