< Back
Kerala
മാവോയിസ്‌റ്റെന്ന വ്യാജേന പികെ കുഞ്ഞാലിക്കുട്ടിക്ക് ഭീഷണിക്കത്ത്; പ്രതികള്‍ പിടിയില്‍
Kerala

മാവോയിസ്‌റ്റെന്ന വ്യാജേന പികെ കുഞ്ഞാലിക്കുട്ടിക്ക് ഭീഷണിക്കത്ത്; പ്രതികള്‍ പിടിയില്‍

Web Desk
|
20 July 2021 9:49 AM IST

മാവോയിസ്റ്റ് സംഘടനയുടെ വ്യാജ പേരില്‍ പണം ആവശ്യപ്പെട്ടാണ് കത്തയച്ചത്.

മൂന്ന് കോടി ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കും മൂന്ന് വ്യവസായികൾക്കും മാവോയിസ്റ്റ് സംഘടനയുടെ വ്യാജ പേരില്‍ കത്തയച്ച രണ്ട് പേര്‍ അറസ്റ്റില്‍. പറോപ്പടി തച്ചംക്കോട്ട് വീട്ടില്‍ ഹബീബ് റഹ്മാന്‍, കട്ടിപ്പാറ സ്വദേശി ഷാജഹാന്‍ എന്നിവരാണ് അറസ്റ്റിലായത്.

മാവോയിസ്റ്റ് സംഘടനയുടെ വ്യാജ പേരില്‍ പണം ആവശ്യപ്പെട്ട് കത്തയച്ച രണ്ട് പേരെ ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി. ടി.പി ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ സിറ്റി ക്രൈം സ്ക്വാഡും ക്രൈം ബ്രാഞ്ചും ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പറോപ്പടി തച്ചംക്കോട് വീട്ടിൽ ഹബീബ് റഹ്മാൻ, കട്ടിപ്പാറ കളത്തിങ്ങൽ ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്.

മെഡിക്കൽ കോളേജ്, ടൗൺ പോലീസ് സ്റ്റേഷനുകളിലായി ലഭിച്ച മൂന്ന് പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാവുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ക്രൈം ബ്രാഞ്ചും ആന്‍റി നക്സല്‍ സ്ക്വാഡും രഹസ്യാന്വേഷണം നടത്തിയിരുന്നു. അതിനിടയിലാണ് അറസ്റ്റ്.

കണ്‍സ്ട്രക്ഷന്‍ മേഖലയിലുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ മാവോയിസ്റ്റ് സംഘടനയുടെ പേരില്‍‌ തട്ടിപ്പ് നടത്താനായിരുന്നു ലക്ഷ്യമെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസും വ്യക്തമാക്കി.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി ചെക്ക് കേസുകളിൽ പ്രതിയാണ് ഹബീബ് റഹ്മാന്‍. വയനാട് ചുണ്ടയില്‍ നിന്ന് കത്ത് പോസ്റ്റ് ചെയ്തത് രണ്ടാം പ്രതി ഷാജഹാനാണെന്നും പോലീസ് പറഞ്ഞു.

പി.കെ കുഞ്ഞാലിക്കുട്ടിക്കും നാഥ് കണ്‍സ്ട്രക്ഷന്‍, മലബാര്‍ ഗോര്‍ഡ്, പാരിസണ്‍സ് എന്നിവയുടെ ഉടമകള്‍ക്കുമാണ് മൂന്ന് കോടി ആവശ്യപ്പെട്ട് കത്തയച്ചത്. പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തെ അപായപ്പെടുത്തുമെന്നും കത്തില്‍ ഭീഷണിയുണ്ട്.

Similar Posts