
' തന്നെ അനുകൂലിക്കുന്നവർക്ക് മുമ്പുണ്ടായിരുന്ന പദവി നൽകണം '; സിപിഎം നേതൃത്വത്തിന് മുന്നിൽ ഉപാധികൾ വച്ച് പി.കെ ശശി
|ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ സിപിഎം വിമതരെ ഉൾപ്പെടുത്തി പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കവുമായി പി. കെ ശശി
പാലക്കാട് : ജില്ലയിലെ സിപിഎം വിമതരെ ഉൾപ്പെടുത്തി പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കവുമായി പി. കെ ശശി. ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാമെന്ന സിപിഎം തീരുമാനത്തിന് പിന്നാലെ പാർട്ടിക്ക് മുന്നിൽ ശശി ഉപാധികൾ വച്ചിരിക്കുകയാണ്. പാർട്ടിയിൽ നിന്നും പുറത്ത് പോയ തന്റെ അനുകൂലികൾക്ക് നേരത്തെ ഉണ്ടായിരുന്ന പദവികൾ നൽകണമെന്നാണ് ഉപാധി. ഇക്കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പാർട്ടി വിടാനാണ് ശശിയുടെ നീക്കം.
പിണറായി വിജയന്റെ നിർദേശപ്രകാരമാണ് പാർട്ടി നടപടി നേരിട്ട പി.കെ.ശശിയുമായി ടി.പി രാമകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കാൾചർച്ച നടത്തിയത്. ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാമെന്നും , ഒഴിവ് വരുന്ന മുറക്ക് സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താമെന്നും ഉറപ്പ് നൽകി. എന്നാൽ, തനിക്കൊപ്പം പാർട്ടി വിട്ടയാളുകൾക്ക് നേരത്തെ ഉണ്ടായിരുന്ന പദവികൾ നൽകണെമെന്ന ഉപാധി ശശി മുന്നോട്ട് വെക്കുകയായിരുന്നു. ഇത് അംഗീകരിച്ചിലെങ്കിൽ ശശിയുടെ നേതൃത്വത്തിൽ വിമതർ പുതിയ പാർട്ടി രൂപീകരിക്കും .
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് രൂപകരിച്ച ഡൊമോക്രാറ്റിക് മാക്സിസ്റ്റ് മുന്നണിയെ പാർട്ടിയായി പ്രഖ്യാപിക്കും. വിമത നീക്കത്തെ നേരിട്ട് മുന്നോട്ട് പോകുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. നാൽപത്തൊന്നായിരത്തിലധികം പാർട്ടി അംഗങ്ങളുണ്ട്. ഓരോരുത്തരും എന്ത് ചെയ്യുകയാണെന്ന് നോക്കി നടക്കലല്ല തങ്ങളുടെ പണിയെന്ന് സിപിഎം ജില്ല സെക്രട്ടറി പറഞ്ഞു. പി.കെ ശശി സന്നദ്ധനാണെങ്കിൽ ഒറ്റപ്പാലത്ത് മത്സരിപ്പിക്കാമെന്ന നിലപാടിലാണ് കോൺഗ്രസ്.