< Back
Kerala

Kerala
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരായ കോപ്പിയടി ആരോപണം; അസം സർവകലാശാല അന്വേഷണം ആരംഭിച്ചു
|13 July 2023 10:00 AM IST
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പി.എച്ച്.ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് കെ.എസ്.യു രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പ്രബന്ധം കോപ്പിയടിച്ചെന്ന ആരോപണത്തിൽ അസം സർവകലാശാല അന്വേഷണം ആരംഭിച്ചു. അസം മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൈസൂർ സർവകലാശാലയുമായി ബന്ധപ്പെട്ട് പ്രബന്ധത്തിന്റെ കോപ്പി വാങ്ങി പരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.
രതീഷ് കാളിയാടന്റെ പ്രബന്ധത്തിൽ കോപ്പിയടിച്ച ഭാഗങ്ങൾ ചേർത്തിട്ടുണ്ടെന്ന ആരോപണവുമായി കെ.എസ്.യു രംഗത്തെത്തിയിരുന്നു. അക്ഷരത്തെറ്റുകൾ അടക്കം അതുപോലെ ആവർത്തിച്ചിട്ടുണ്ട് എന്നാണ് ആരോപണം. തലശ്ശേരിയിൽ സർക്കാർ സ്‌കൂളിൽ അധ്യാപകനായിരുന്ന കാലയളവിലാണ് രതീഷ് കാളിയാടൻ അസമിലെ യൂണിവേഴ്‌സിറ്റിയിൽനിന്ന് പി.എച്ച്.ഡി എടുത്തതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചിരുന്നു.