< Back
Kerala
പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിറിന്റെ ആമാശയത്തിൽ പ്ലാസ്റ്റിക് കവറുകൾ; പ്രാഥമിക പോസ്റ്റ്‌മോർട്ട് റിപ്പോർട്ട് പുറത്ത്
Kerala

പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിറിന്റെ ആമാശയത്തിൽ പ്ലാസ്റ്റിക് കവറുകൾ; പ്രാഥമിക പോസ്റ്റ്‌മോർട്ട് റിപ്പോർട്ട് പുറത്ത്

Web Desk
|
2 Aug 2023 9:10 AM IST

കെമിക്കൽ ലാബ് റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ

മലപ്പുറം: താനൂർ പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ച ലഹരിക്കേസ് പ്രതിയുടെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരിച്ച താമിർ ജിഫ്രിയുടെ ആമാശയത്തിൽ നിന്ന് ക്രിസ്റ്റൽ രൂപത്തിലുളള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തി.ഇത് എം.ഡി.എം.എ ആണോയെന്ന് സംശയമുണ്ട്. ഇയാളുടെ ദേഹത്ത് 13 പരിക്കുകളുണ്ട്. നടുവിനും കൈക്കും കാലിനുമാണ് പ്രധാനമായും പരിക്കുകളുള്ളത്. ഇതില്‍ പല മുറിവുകളും പഴയതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, കെമിക്കൽ ലാബ് റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ.

കഴിഞ്ഞദിവസമാണ് തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രിയെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരിക്കേസിലാണ് പൊലീസ് ജിഫ്രിയെ കസ്റ്റഡിയില്‍ എടുത്തത്. താനൂർ ദേവധാർ മേൽപാലത്തിനു സമീപത്തു വെച്ച് ചൊവ്വാഴ്ച പുലർച്ചെ 1.45നാണ് ഇയാളെ താനൂർ പൊലീസ് പിടികൂടിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ പുലർച്ചെ നാലു മണിക്ക് ഇയാൾ സ്റ്റേഷനിൽ തളർന്നു വീണതായും ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്നുമാണ് ഡിവൈഎസ്പി വി.വി.ബെന്നി പറയുന്നത്.

അതേസമയം, പ്രതി മരിച്ചതിൽ അസ്വഭാവിക മരണത്തിന് കേസ് എടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി ബാബുവിനാണ് അന്വേഷണ ചുമതല.



Similar Posts