< Back
Kerala
Malappuram plus one seat availability is contradictory to ministers statement
Kerala

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ശാശ്വത പരിഹാരത്തിന് നടപടിയെടുക്കാതെ സർക്കാർ

Web Desk
|
26 Jun 2024 6:36 AM IST

മലപ്പുറത്ത് മാത്രം താല്ക്കാലിക ബാച്ചനുവദിച്ച് പ്രതിഷേധത്തിന് തടയിടാനാണ് സർക്കാർ നീക്കം

കോഴിക്കോട്:മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയില്‍ ശാശ്വത പരിഹാരത്തിന് നടപടിയെടുക്കാതെ സർക്കാർ.മലപ്പുറത്ത് മാത്രം താല്ക്കാലിക ബാച്ചനുവദിച്ച് പ്രതിഷേധത്തിന് തടയിടാനാണ് സർക്കാർ നീക്കം. ഇതിനെതിരെ പ്രക്ഷോഭം തുടരാനാണ് മുസ് ലിം ലീഗിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളും തീരുമാനം

പാലക്കാട് മുതല്‍ കാസർകോടുവരെയുളള ജില്ലകളിലെ പ്ലസ് വണ്‍ സീറ്റു കുറവ് പതിറ്റാണ്ടുകളായി അനുഭവിക്കുന്ന പ്രശ്നമാണ്. യുഡിഎഫ് ഭരണ കാലത്ത് പുതിയ ബാച്ചുകളനുസരിച്ച് പ്രശ്നം ലഘൂകരിച്ചെങ്കിലും വിജയിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചതോടെ സീറ്റ് പ്രശ്നവും വർധിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സർക്കാർ വന്നശേഷം പുതിയ സ്ഥിര ബാച്ച് അനുവദിക്കാതിരുന്നതോടെ ഓരോ വർഷം കഴിയുന്തോറും പ്രശ്നം കൂടി വന്നു. ഈ വർഷം പ്രക്ഷോഭം ശക്തമായതോടെയാണ് മലപ്പുറത്ത് പുതിയ താലക്കാലിക ബാച്ച് അനുവദിക്കാന്‍ തീരുമാനിച്ചത്

മലപ്പുറത്തെ പ്രശ്നം മാത്രമായി പ്ലസ് വണ്‍ പ്രതിസന്ധിയെ സർക്കാർ ചുരുക്കിക്കാണുന്നു എന്നതാണ് പുതിയ തീരുമാനിത്തിലെ ഒരു പ്രശ്നം. പാലക്കാട്, കോഴിക്കോട് ഉള്‍പ്പെടെ സീറ്റ് പ്രതിസന്ധിയുള്ള മറ്റു ജില്ലകളിലെ വിദ്യാർഥികള്‍ക്ക് പുതിയ ബാച്ച് ലഭിക്കില്ല. താലക്കാലിക അധ്യാപകർ പഠിപ്പിക്കുന്ന മതിയായ സൌകര്യമില്ലാത്ത താൽക്കാലിക ബാച്ചുകള്‍ കുട്ടികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുന്നതും മറ്റൊരു പ്രശ്നമാണ്

കണക്കിലെ കളിയിലൂടെ കുറച്ചുകൊണ്ടുവന്ന ഒരു കണക്കനുസരിച്ച് പുതിയ ബാച്ചനുവദിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സീറ്റാവശ്യമുള്ള എല്ലാ വിദ്യാർഥികള്‍ക്കും ഇതിലൂടെ അവസരം ലഭിക്കില്ല. ഇതുകൊണ്ടാണ് സമരരംഗത്ത് നിന്ന് പിന്മാറില്ലെന്ന് ലീഗ് ഉള്‍പ്പെടെ സംഘടനകള്‍ തീരുമാനിച്ചത്. സീറ്റു കുറവിന്റെ കണക്ക് കൃത്യപ്പെടുത്തി സ്ഥിര ബാച്ചുകളിലേക്ക് പോയില്ലെങ്കില്‍ മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കില്ലെന്ന് ഉറപ്പാണ്


Similar Posts