
ഫറോക്കിൽ പ്ലസ് വൺ വിദ്യാർഥിക്ക് കുത്തേറ്റു , സഹപാഠിയും പിതാവും കസ്റ്റഡിയിൽ
|സ്കൂളിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് കാരണം
കോഴിക്കോട് : ഫറോക്കിൽ പ്ലസ് വൺ വിദ്യാർഥിയെ കുത്തി പരിക്കേൽപ്പിച്ച് സഹപാഠി. ഇന്ന് ഉച്ചയോടെ മണ്ണൂർ പത്മരാജ സ്കൂളിന് സമീപമാണ് ആക്രമണം നടന്നത്. സ്കൂളിൽ നടന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി വിദ്യാർഥിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഒരു വർഷത്തിലേറെയായി വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. അതിന്റെ തുടർച്ചയായി ഇന്നലെയും യാത്ര ചെയ്യുന്ന ബസിൽ വെച്ച് പ്രശ്ങ്ങളുണ്ടായി. തുടർന്ന് പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാനും പരിഹാരം കാണാനാണ് കുത്തേറ്റ വിദ്യാർഥിയെ കുത്തിയ വിദ്യാർഥിയുടെ രക്ഷിതാവ് വടക്കുംപാടത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത്. എന്നാൽ തർക്കം മൂത്ത് അപ്രതീക്ഷിതമായി വിദ്യാർത്ഥിയെ കുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കുത്തേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴുത്തിനാണ് കുത്തേറ്റത്. എന്നാൽ മുറിവ് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കുത്തിയ വിദ്യാർഥിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.