< Back
Kerala
പാതി അഭ്യാസവുമായി മണ്ണാർക്കാട്ടെ ലീഗ് പാതിരാത്രി ഇറങ്ങിയാൽ മുഴുവൻ അഭ്യാസവും ഞങ്ങൾ പഠിപ്പിക്കും; മുസ്ലിം ലീഗിനെതിരെ പ്രകോപന പ്രസംഗവുമായി പി.എം ആര്‍ഷോ
Kerala

'പാതി അഭ്യാസവുമായി മണ്ണാർക്കാട്ടെ ലീഗ് പാതിരാത്രി ഇറങ്ങിയാൽ മുഴുവൻ അഭ്യാസവും ഞങ്ങൾ പഠിപ്പിക്കും'; മുസ്ലിം ലീഗിനെതിരെ പ്രകോപന പ്രസംഗവുമായി പി.എം ആര്‍ഷോ

Web Desk
|
29 Dec 2025 1:13 PM IST

എംപിയും എംഎല്‍എയും പറയുന്നതനുസരിച്ച് പൊലീസ് പ്രവര്‍ത്തിക്കുന്നുവെന്നും ആര്‍ഷോ കുറ്റപ്പെടുത്തി

പാലക്കാട്: മുസ്‌ലിം ലീഗിനെതിരെയും പൊലീസിനെതിരെയും പ്രകോപനപ്രസംഗവുമായി സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം പി.എം ആര്‍ഷോ. പാതി അഭ്യാസവുമായി മണ്ണാര്‍ക്കാട്ട് മുസ് ലിം ലീഗ് പാതിരാത്രി ഇറങ്ങിയാല്‍ മുഴുവന്‍ അഭ്യാസവും തങ്ങള്‍ പഠിപ്പിക്കുമെന്നാണ് പ്രസംഗം. മണ്ണാര്‍ക്കാട്ട് മുസ്‌ലിം ലീഗ് ഉണ്ടാകില്ല. എംപിയും എംഎല്‍എയും പറയുന്നതനുസരിച്ച് പൊലീസ് പ്രവര്‍ത്തിക്കുന്നുവെന്നും ആര്‍ഷോ കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം ഓഫീസിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദനൃത്തം ചവിട്ടിയിരുന്നു.

'പാതി മാത്രം അറിയാവുന്ന അഭ്യാസവുമായിട്ട് നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണല്ലോ. ആ അഭ്യാസവും മുഴുവനും അറിയാവുന്നവരാണ് മണ്ണാര്‍ക്കാട്ടെ സിപിഎമ്മെന്ന നല്ല ബോധ്യം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അറിയണം. നിങ്ങള്‍ക്ക് പാതി അറിയാവുന്ന അഭ്യാസവുമായിട്ട് പാതിരാത്രിയില്‍ ഇറങ്ങിയാല്‍ ഞങ്ങള്‍ക്ക് മുഴുവന്‍ അറിയാവുന്ന അഭ്യാസം നിങ്ങളെ പഠിപ്പിച്ചിരിക്കും. അങ്ങനെ ചെയ്യുകയാണെങ്കില്‍ പിന്നെ മണ്ണാര്‍ക്കാട്ട് മുസ്‌ലിം ലീഗ് ഉണ്ടാവില്ല.' ആര്‍ഷോ പറഞ്ഞു.

പാലക്കാട് എംപി വി.കെ ശ്രീകണ്ഠനും മണ്ണാര്‍ക്കാട് എംഎല്‍എ എന്‍.ശംസുദ്ദീനും പറയുന്നത് അനുസരിച്ചാണ് മണ്ണാര്‍ക്കാട്ടെ ചില പൊലീസുകാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് തുടരുകയാണെങ്കില്‍ അവരെയും ചില കാര്യങ്ങള്‍ പഠിപ്പിക്കേണ്ടിവരുമെന്നും ആര്‍ഷോ കുറ്റപ്പെടുത്തി. പാലക്കാട് സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍ഷോ.

Similar Posts