< Back
Kerala
പിഎം ശ്രീ: കാവിവത്ക്കരണത്തിന് കേരളം കീഴടങ്ങരുത്; ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ
Kerala

പിഎം ശ്രീ: 'കാവിവത്ക്കരണത്തിന് കേരളം കീഴടങ്ങരുത്'; ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

Web Desk
|
24 Oct 2025 11:14 AM IST

'പ്രലോഭനങ്ങള്‍ക്ക് വഴങ്ങി കേരളം കീഴടങ്ങുന്നത് പ്രതിഷേധാര്‍ഹം'

കൊച്ചി: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച കേരള സര്‍ക്കാര്‍ നടപടിക്കെതിരെ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ. കാവിവത്ക്കരണത്തിന് കേരളം കീഴടങ്ങരുതെന്നും ധാരണാപത്രത്തില്‍ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തിരുത്തണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ കാവിവത്കരണ നീക്കമാണ്. എൻഇപി. വിഭാവനം ചെയ്യുന്ന പാഠ്യപദ്ധതി പരിഷ്കരണങ്ങൾ 'ഇന്ത്യൻ വിജ്ഞാന സമ്പ്രദായം' എന്ന പേരിൽ സവർണ്ണ, ഏകീകൃത കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഇത് രാജ്യത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും വളച്ചൊടിക്കാനും, വിദ്യാഭ്യാസ മേഖലയെ സംഘപരിവാർ വത്കരിക്കാനുമുള്ള വ്യക്തമായ രാഷ്ട്രീയ അജണ്ടയാണെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുമ്പോഴും സംസ്ഥാനങ്ങളുമായി ഫലപ്രദമായ ചർച്ചകൾ നടത്താതെ കേന്ദ്രം നയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് സംസ്ഥാനങ്ങളുടെ നയപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടുത്ത കടന്നുകയറ്റമാണ്. സ്വകാര്യവത്കരണവും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ചോദ്യം ചെയ്യുന്നതുമായ നയങ്ങൾ ആശങ്കാജനകമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ശക്തമായ പ്രതിരോധം ഉയർത്തിയ കേരള സർക്കാർ, പിഎം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് പൊതുസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണെന്നും പ്രലോഭനങ്ങള്‍ക്ക് വഴങ്ങി കേരളം കീഴടങ്ങുന്നത് പ്രതിഷേധാര്‍ഹമെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വ്യക്തമാക്കി.

Similar Posts