
'ഘടകകക്ഷികളെ ഇരുട്ടിലാക്കരുത്; പിഎം ശ്രീ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും; ധാരണാപത്രത്തിൽ ഒപ്പുവച്ചത് ആരോടും ചർച്ച ചെയ്യാതെ': തുറന്നടിച്ച് ബിനോയ് വിശ്വം
|'ഉടമ്പടി എന്താണ്, അതിന്റെ ഉള്ളടക്കം എന്താണ്, അതേപ്പറ്റി ഇതുവരെ ചർച്ച ഒന്നും ഉണ്ടായിട്ടില്ല. ഭരണത്തിന് മാത്രമുള്ള ഉപാധിയായി അല്ല സിപിഐ എൽഡിഎഫിനെ കാണുന്നത്'.
തിരുവനന്തപുരം: സിപിഐ എതിർപ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചതിന് പിന്നാലെ രൂക്ഷവിമർശനവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോടും ചർച്ച ചെയ്യാതെയാണ് സർക്കാർ ധാരണാ പത്രത്തിൽ ഒപ്പ് വച്ചതെന്നും അതിലെന്താണ് ഉള്ളതെന്ന് അറിയാൻ എൽഡിഎഫിലെ ഓരോ പാർട്ടിക്കും അവകാശമുണ്ടെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഘടകകക്ഷികളെ ഇരുട്ടിലാക്കിയല്ല എൽഡിഎഫ് മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഐയുടെ നിലപാട് ചുരുങ്ങിയ വാക്കുകളിൽ നേരത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടിക്കകത്ത് ഇനിയും ചർച്ചകൾ വേണ്ടിവരും. ഈ മാസം 27ന് പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് ചേരും. നയപരമായ കാര്യങ്ങളിൽ പാർട്ടിക്ക് വഴികാട്ടി പാർട്ടി എക്സിക്യൂട്ടീവാണ്. എൽഡിഎഫിന്റെ പിറവിയിലും വളർച്ചയിലും മറ്റ് ഏത് പാർട്ടിയേക്കാളും വലിയ പങ്കുവഹിച്ച പാർട്ടിയാണ് സിപിഐ. ചരിത്രം നോക്കുമ്പോൾ എൽഡിഎഫ് സിപിഐയെ ഓർക്കണം. പിഎം ശ്രീയിലെ പുതിയ തീരുമാനങ്ങളെ പറ്റി ഇന്നലെ മുതൽ നമ്മൾ അറിഞ്ഞു.
പിഎം ശ്രീയുമായി ബന്ധപ്പെട്ട ധാരണപത്രം എന്താണെന്ന് പത്രമാധ്യമങ്ങളിലൂടെ അല്ലാതെ മറ്റൊന്നും അറിയില്ല. എൽഡിഎഫിലെ ഓരോ പാർട്ടിക്കും അതിൽ എന്താണെന്ന് അറിയാൻ അവകാശമുണ്ട്. ഉടമ്പടി എന്താണ്, അതിന്റെ ഉള്ളടക്കം എന്താണ്, അതേപ്പറ്റി ഇതുവരെ ചർച്ച ഒന്നും ഉണ്ടായിട്ടില്ല. ഭരണത്തിന് മാത്രമുള്ള ഉപാധിയായി അല്ല സിപിഐ എൽഡിഎഫിനെ കാണുന്നത്. അഞ്ചോ പത്തോ പതിനഞ്ചോ വർഷം ഭരിക്കാൻ ഉള്ള ഉപാധിയായി അല്ല കമ്യൂണിസ്റ്റ് പാർട്ടി എൽഡിഎഫിനെ കാണുന്നത്.
രാജ്യത്തിനുള്ള ബദൽ കാഴ്ചപ്പാടാണ് എൽഡിഎഫ്. പിഎം ശ്രീ ദൂരവ്യാപക പ്രത്യാഘാതം ഉള്ള കാര്യമാണ്. ഘടകകക്ഷികളെ അറിയിക്കാത്തതിൻ്റെ യുക്തി എന്താണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രിസഭയിലും ധാരണാ പത്രത്തെപ്പറ്റി ചർച്ചയുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞവർഷം ഡിസംബറിലും ഈ വർഷം ഏപ്രിലിലും മന്ത്രിസഭയിൽ ചർച്ചയ്ക്ക് വന്നെങ്കിലും നയപരമായ കാര്യങ്ങൾക്ക് വേണ്ടി മാറ്റിവച്ച് വിഷയമാണിത്. ശരിയായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മാറ്റിവച്ചത്. പിന്നീട് ഒരിക്കലും മന്ത്രിസഭയിൽ ചർച്ചയ്ക്ക് വന്നിട്ടില്ല. എൽഡിഎഫിലും ചർച്ചയുണ്ടായില്ല.
ആരോടും ചർച്ച ചെയ്യാതെയാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. എൽഡിഎഫിന് എങ്ങനെ മുന്നോട്ടുപോകാൻ കഴിയുമെന്ന് സിപിഐക്ക് അറിയില്ല. എൽഡിഎഫിന്റെ ശൈലി ഇതല്ല. എംഒയു ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് ഈ സംഭവം അറിഞ്ഞയുടൻ മാധ്യമങ്ങളോട് താൻ പ്രതികരിച്ചിരുന്നു. അത് ശരിയായിരുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.