< Back
Kerala
POCSO case,kerala,AEO,Education department kozhikode,nadapuramPOCSO case,
Kerala

നാദാപുരത്ത് അഞ്ചാം ക്ലാസുകാരിക്കെതിരെ ലൈംഗികാതിക്രമം; എഇഒക്കെതിരെ നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്

Web Desk
|
17 April 2025 11:22 AM IST

പോക്സോ കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു

കോഴിക്കോട് : നാദാപുരത്ത് പോക്സോ കോടതി കേസെടുക്കാന്‍ ഉത്തരവിട്ട എഇഒക്കെതിരെ നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്. അഞ്ചാംക്ലാസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് എഇഒക്കെതിരായ പരാതി. കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്കൂള്‍ മാനേജർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നല്കിയെങ്കിലും ഇതുവരെ നടപടിയെടുത്തില്ല.

നാദാപുരത്തിന് സമീപത്തെ എല്‍ പി സ്കൂള്‍ അധ്യാപകന്‍ അഞ്ചാംക്സാസുകാരിയോട് ലൈംഗികാതിക്രമം കാണിച്ചത് സ്കൂളിലെ സിസിടിവിയിലൂടെ അറിഞ്ഞ സ്കൂള്‍ മാനേജർ അധ്യാപകനെതിരെ നടപടിയെടുക്കാന്‍ പ്രധാനാധ്യപികയോടും നാദാപുരം എഇഒയോടും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. സ്കൂള്‍ മാനേജറുടെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോർട്ടാണ് നാദാപുരം പൊലീസും നല്കിയത്. ഭരണാനുകൂല അധ്യാപക സംഘടനയിലെ സജീവ അംഗമായ അധ്യാപകനെ സംരക്ഷിക്കാന്‍ പൊലീസും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും കൂട്ടു നിന്നു എന്നാണ് ആക്ഷേപം.

ലൈംഗികാതിക്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങളടക്കം തെളിവ് ഹാജരാക്കി കോഴിക്കോട് പോക്സോ കോടതിയില്‍ സ്കൂള്‍ മാനേജർ നല്കിയ കേസ് വഴിത്തിരിവായി. പൊലീസ് റിപ്പോർട്ട് തള്ളിയ കോടതി അധ്യാപകനെതിരെ കേസുമായി മുന്നോട്ടു പോകാന്‍ ആവശ്യപ്പെട്ടു. കൂടാതെ പ്രാധാനാധ്യാപികക്കും എഇഒക്കും എതിരെ പോക്സോ നിയമം 21 ാം വകുപ്പ് പ്രകാരം കുറ്റം നിലനിലക്കുമെന്നും കോടതി മാർച്ച് 28 ന് വിധിച്ചു.

ഇതിന് പിന്നാലെ അധ്യാപകനെയും പ്രധാനാധ്യാപികയെയും സ്കൂള്‍ മാനേജർ സസ്പെന്‍ഡ് ചെയ്തു. എഇഒ ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതിയും നല്കി. എന്നാല്‍ എഇഒക്കെതിരെ ഇതുവരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തിട്ടില്ല. എ ഇ ഒക്കെതിരെ കഴിഞ്ഞ വർഷം തന്നെ പൊതുവിദ്യാഭ്യാസ ഡയറ്കടറേറ്റിലെ വിജിലന്‍ലില്‍ പരാതി നല്കിയെങ്കിലും അതിലും തുടർനടപടിയുണ്ടായില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ലെങ്കില്‍ എഇഒക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് സ്കൂള്‍ മാനേജറുടെ തീരുമാനം.


Similar Posts