< Back
Kerala
സംസ്ഥാന പൊലീസ് മേധാവി: അജിത് കുമാറിനായി കടുത്ത സമ്മർദം തുടർന്ന് സർക്കാർ
Kerala

സംസ്ഥാന പൊലീസ് മേധാവി: അജിത് കുമാറിനായി കടുത്ത സമ്മർദം തുടർന്ന് സർക്കാർ

Web Desk
|
21 Jun 2025 6:48 AM IST

പൊലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ ADGP റാങ്കിലുള്ളവരെയും പരിഗണിക്കാൻ സമ്മർദം തുടർന്ന് സർക്കാർ

തിരുവനന്തപുരം:സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ സമ്മർദ്ദം തുടർന്ന് സംസ്ഥാനസർക്കാർ. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാൻ ആകില്ലെന്ന യു.പി.എസ്.സി നിലപാടിനെതിരെയാണ് ആഭ്യന്തരവകുപ്പിന്റെ നീക്കം. എഡിജിപി റാങ്കിലുള്ളവരെ നേരത്തെ പരിഗണിച്ചിട്ടുണ്ടെന്നാണ് സർക്കാർ വാദം. അതേസമയം കേന്ദ്രം ആവശ്യപ്പെട്ട ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയുടെ വിജിലൻസ് അന്വേഷണ വസ്തുതാ റിപ്പോർട്ടിന്മേൽ ഇതുവരെ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ല.

സംസ്ഥാനത്തിന്റെ അടുത്ത പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ ആറ് പേരുകൾ കേരളം കേന്ദ്രത്തിനു മുമ്പാകെ വച്ചിട്ടുണ്ട്. ഒന്നാമതായി ഡിജിപി റാങ്കിലുള്ള നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, ഇതിന് പുറമേ എഡിജിപി റാങ്കിലുള്ള സുരേഷ് രാജ് പുരോഹിത്, എം ആർ അജിത് കുമാർ. ഇവരാണ് കേരളത്തിന്റെ പട്ടികയിൽ ഉള്ള ഉദ്യോഗസ്ഥർ.

ഇതിൽ സംസ്ഥാന പോലീസ് മേധാവി ആകാൻ പരിഗണിക്കപ്പെടുന്നവരുടെ ചുരുക്ക പട്ടികയിൽ എം ആർ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇതിനിടെ ഡിജിപി റാങ്കിലുള്ള ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ ഒഴിവാക്കി അജിത് കുമാറിന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ടെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ല എന്ന് യു.പി.എസ്.സി നേരത്തെ നിലപാടെടുത്തിരുന്നു.

ഇത് മറികടന്ന് എം ആർ അജിത് കുമാറിന്റെ പേര് ഉയർത്തിക്കൊണ്ടു വരാനുള്ള സമ്മർദമാണ് സർക്കാർ ചെയ്യുന്നത്. സർക്കാർ നൽകിയ പട്ടികയിൽ നിന്ന് മൂന്നുപേരുടെ ചുരുക്കപ്പട്ടിക യു.പി.എസ്.സി ഉടൻ തയ്യാറാക്കും. ഇതിൽ അജിത് കുമാർ വേണമെന്ന് ആണ് സർക്കാർ ആവശ്യം. എഡിജിപി ആയിരുന്ന അനിൽകാന്ത് സംസ്ഥാന പോലീസ് മേധാവിയായ സാഹചര്യവും സർക്കാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം യോഗേഷ് ഗുപ്ത കേന്ദ്ര അന്വേഷണ ഏജൻസിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെ കേന്ദ്രം ആവശ്യപ്പെട്ട വിജിലൻസ് വസ്തുത അന്വേഷണ റിപ്പോർട്ട് സർക്കാർ ഇതുവരെ കൈമാറിയിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് 8 തവണ കേന്ദ്രം കത്തയച്ചിട്ടും സർക്കാർ മൗനം തുടരുകയാണ്.

Related Tags :
Similar Posts