
'യുവതിക്ക് നൽകിയത് ജീവൻ അപകടത്തിലാക്കുന്ന മരുന്ന്,ഗർഭഛിദ്രത്തിന് ശേഷം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ'; രാഹുലിന് കുരുക്കായി ഡോക്ടർമാരുടെ മൊഴി
|യുവതി കൈമാറിയമെഡിക്കൽ രേഖകളുടെ ആധികാരികതയും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ബലാത്സംഗം നടത്തിയതിരുവനന്തപുരത്തെയും പാലക്കാട്ടെയുംഫ്ലാറ്റിൽ പരിശോധന നടന്നു. ശബ്ദരേഖയുടെ ആധികാരിക പരിശോധനയ്ക്ക് ഒരുങ്ങുന്ന അന്വേഷണസംഘം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് ഇന്ന് യുവതിയുടെ ശബ്ദ സാമ്പിൾ പരിശോധിക്കും.
അതിനിടെ ഗർഭഛിദ്രത്തിന് രാഹുലിന്റെ സുഹൃത്ത് എത്തിച്ചത് ജീവൻപോലും അപകടത്തിലാവുന്ന മരുന്നാണെന്ന് കണ്ടെത്തി. ഭ്രൂണഹത്യയ്ക്ക് ശേഷം യുവതിക്കുണ്ടായത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്നും പൊലീസിന് വിവരം ലഭിച്ചു. യുവതി കൈമാറിയമെഡിക്കൽ രേഖകളുടെ ആധികാരികതയും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാഹുലിനെതിരെ പരാതി നൽകിയ യുവതി ചികിത്സ തേടിയെന്ന് ഡോക്ടർമാർ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില മോശമായിരുന്നുവെന്ന് ഡോക്ടർമാരുടെ മൊഴിയിലുണ്ട്. മരുന്നു കഴിച്ചതിനെ തുടർന്ന് അമിത രക്തസ്രാവം ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് കെ.മുരളീധരൻ.രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ട.ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും, അല്ലാത്തത് അസ്‌തമിക്കും.സസ്പെൻഷൻ പുറത്താക്കലിന് തുല്യമാണെന്നും കെ മുരളീധരൻ പറഞ്ഞു.
എന്നാല്‍ രാഹുൽമാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ് തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.രാഹുൽ വിഷയത്തിൽ കോൺഗ്രസിൽ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരാതിക്കാർക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിക്കാൻ കെ.സി വേണുഗോപാൽ തയ്യാറായില്ല.