< Back
Kerala
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരമാര്‍ശം; പി.എം.എ സലാമിനെതിരെ പൊലീസില്‍ പരാതി

Photo: Special arrangement

Kerala

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരമാര്‍ശം; പി.എം.എ സലാമിനെതിരെ പൊലീസില്‍ പരാതി

Web Desk
|
2 Nov 2025 2:17 PM IST

ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് എന്നായിരുന്നു സലാമിന്റെ പരാമർശം

മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്‌ലിം ലീ​ഗ് നേതാവ് പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി നൽകി. മലപ്പുറം ആക്കോട് സ്വദേശി സയ്യിദ് മുഹമ്മ​ദ് ജിഫ്രിയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരായി നടത്തിയ പരാമർശത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം. ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് എന്നായിരുന്നു സലാമിന്റെ പരാമർശം.

കഴിഞ്ഞദിവസം മലപ്പുറം വാഴക്കാട് നടന്ന മുസ്‌ലിംലീഗിന്റെ സമ്മേളനത്തിൽ ആണ് മുഖ്യമന്ത്രിക്കെതിരെ പി.എം.എ സലാം അധിക്ഷേപ പരാമർശം നടത്തിയത്. ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് മുഖ്യമന്ത്രി പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്ന പരാമർശം വലിയ വിവാദമായിരുന്നു. പരാമർശത്തിനെതിരെ സിപിഎം അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരാമർശം പിൻവലിച്ച് സലാം മാപ്പ് പറയണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പരാമർശത്തെ പൂർണ്ണമായി തള്ളി ലീഗ് സംസ്ഥാന അധ്യക്ഷൻ തന്നെ രംഗത്തെത്തി. രാഷ്ട്രീയ വിമർശനങ്ങൾ ആകാമെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്നും പി എം എ സലാമിന് സാദിഖലി ശിഹാബ് തങ്ങൾ മുന്നറിയിപ്പ് നൽകി.

പി എം എ സലാമിന്റെ സംസ്കാരം പുറത്തുവന്നു എന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ വിമർശനം. സാധാരണ ലീഗ് നേതാക്കൾ ഇത്തരം പരാമർശങ്ങൾ നടത്താറില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

പരാമർശം തദ്ദേശ തെരഞ്ഞെടുപ്പിലടക്കം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം തന്നെ പരസ്യമായി സലാമിനെ തള്ളി രംഗത്തെത്തിയത്. തുടർച്ചയായി പാർട്ടിയെ വെട്ടിലാക്കുന്ന പി.എം.എ സലാമിനോട് ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ട്‌.

Similar Posts