< Back
Kerala
തൊടുപുഴ ബിജു വധക്കേസ്: കൊലപാതകം ആസൂത്രിതമെന്നുറപ്പിച്ച് പൊലീസ്
Kerala

തൊടുപുഴ ബിജു വധക്കേസ്: കൊലപാതകം ആസൂത്രിതമെന്നുറപ്പിച്ച് പൊലീസ്

Web Desk
|
11 April 2025 6:51 AM IST

ബിജുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് അഞ്ച് ദിവസത്തെ ആസൂത്രണത്തിനൊടുവിലെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ

ഇടുക്കി: തൊടുപുഴ ബിജു വധക്കേസ് ആസൂത്രിതമെന്നുറപ്പിച്ച് പോലീസ്. ബിജുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് അഞ്ച് ദിവസത്തെ ആസൂത്രണത്തിനൊടുവിലെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. എറണാകുളത്ത് വെച്ച് ഗൂഡാലോചന നടത്തിയ പ്രതികൾ കൃത്യത്തിന് മുമ്പ് പ്രത്യേക പൂജയും നടത്തി. ദൃശ്യം-4 നടപ്പാക്കിയെന്ന് പറഞ്ഞ ഒന്നാം പ്രതി ജോമോന്റെ ശബ്ദ പരിശോധനയും പോലീസ് നടത്തി.

മാർച്ച് 20 നാണ് തൊടുപുഴ ചുങ്കം സ്വദേശി ബിജുവിനെ ബിസിനസ് പങ്കാളി ജോമോനും കൂട്ടുപ്രതികളായ ആഷിഖ് ജോൺസൺ, മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവർ ചേർന്ന് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. 15 ആം തിയതി വൈപ്പിനിലെ ബാറിലും നെട്ടൂരിലെ ലോഡ്ജിലും വെച്ച് പ്രതികൾ ഗൂഡാലോചന നടത്തിയെന്നും പറവൂരിലെ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയെന്നുമാണ് പോലീസിൻ്റെ കണ്ടെത്തൽ.

പിന്നാലെ തൊടുപുഴയിലെത്തിയ സംഘം ബിജുവിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ചു.19 ന് നടത്തിയ ആദ്യ ശ്രമം പാളിയെങ്കിലും 20 ന് കൃത്യം നടപ്പാക്കി. ഒമ്നി വാനിലും ജോമോൻ്റെ വീട്ടിൽ വെച്ചും ബിജുവിനേറ്റ മർദനമാണ് മരണകാരണം. ദൃശ്യം 4 നടപ്പാക്കിയെന്ന് പലരോടും പറഞ്ഞ ജോമോൻ്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് കലയന്താനിയിലെ കാറ്ററിംഗ് ഗോഡൗണിൽ നിന്ന് ബിജുവിൻ്റെ മൃതദേഹം പോലീസ് കണ്ടെടുത്തു.

പിന്നാലെ പ്രതികളിലേക്കുമെത്തി. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസന്വേഷണം. ജോമോൻ്റെ ഫോൺ സംഭാഷണങ്ങൾ വീണ്ടെടുത്ത അന്വേഷണ സംഘം ആധികാരിക പരിശോധനയും നടത്തി. ഇതോടെ കേസിൽ കൂടുതൽ പ്രതികളുണ്ടാകാനുള്ള സാധ്യതയും ബലപ്പെട്ടു.

Similar Posts