< Back
Kerala
Shajan Scaria
Kerala

ഷാജൻ സ്‌കറിയ പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ കേസ്; റിപ്പോർട്ട് സമർപ്പിക്കാത്തതിൽ പൊലീസിന് കോടതിയുടെ വിമർശനം

Web Desk
|
11 July 2025 7:22 PM IST

കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കാനും വേഗത്തിൽ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു

കൊച്ചി: യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയ പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് ഒരു പദ്ധതിയുമില്ല. കേസെടുത്ത് 500 ദിവസമായിട്ടും അന്വേഷണ റിപ്പോർട്ട് നൽകുന്നതിൽ പാലാരിവട്ടം പൊലീസിന് വീഴ്ച ഉണ്ടായെന്നും എറണാകുളം മജിസ്ട്രേറ്റ് കോടതി വിമർശിച്ചു.

കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് കോടതി നിർദേശം നൽകി. ഓരോ മുപ്പത് ദിവസം കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. അന്വേഷണത്തിലെ വീഴ്ച ഒഴിവാക്കാനാണ് കോടതി മേൽനോട്ടമെന്നും ഉത്തരവിൽ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കി വേഗത്തിൽ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.

പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തി അത് വെബ്‌സൈറ്റിൽ പ്രസദ്ധീകരിച്ചെന്നാണ് ഷാജനെതിരായ കേസ്. 2021ലായിരുന്നു സംഭവം. ഷാജൻ സ്‌കറിയ പൊലീസിന്റെ വയർലെസ് വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് പി.വി അൻവറാണ് തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി അൻവർ പ്രധാനമന്ത്രിക്കും ഇ മെയിൽ വഴി പരാതി നൽകിയിരുന്നു. ചോർത്താൻ ഷാജൻ മഹാരാഷ്ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചെന്നാണ് അൻവറിന്റെ ആരോപണം.

watch video:

Similar Posts