
'ആലപ്പുഴയിൽ നവകേരള സദസ്സിനിടെ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തിട്ടില്ല'; മുഖ്യമന്ത്രിക്ക് പൊലീസിന്റെ റിപ്പോർട്ട്
|മാധ്യമം ഫോട്ടോഗ്രാഫർ മനു ബാബുവിനെ കയ്യേറ്റം ചെയ്ത കേസിലാണ് പൊലീസിന്റെ റിപ്പോർട്ട്
ആലപ്പുഴ: നവകേരള സദസ്സിനിടെ മാധ്യമപ്രർത്തകനെ കയ്യേറ്റം ചെയ്തത് നിഷേധിച്ച് പൊലീസ്. മാധ്യമം ഫോട്ടോഗ്രാഫർ മനു ബാബുവിനെ കയ്യേറ്റം ചെയ്ത കേസിലാണ് പൊലീസിന്റെ റിപ്പോർട്ട്. ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന റിപ്പോർട്ട് പൊലീസ് മുഖ്യമന്ത്രിക്ക് നൽകി.
കഴിഞ്ഞ മാസം 14 നായിരുന്നു സംഭവം. ചേർത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാധ്യമം മനുവിനെ പൊലീസ് കയ്യേറ്റം ചെയ്യുകയായിരുന്നു. പൊലീസ് സംഘം തടഞ്ഞ് അസഭ്യവർഷം നടത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായാണ് മനുവിന്റെ പരാതി. മാധ്യമ പ്രവർത്തകനാണെന്ന തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും പൊലീസ് കൈയേറ്റം തുടർന്നു.
സ്റ്റാൻഡ് ഇട്ട് വെച്ചിരുന്ന മനുവിൻറെ സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത ഡിവൈ.എസ്.പി സ്‌കൂട്ടർ തള്ളി ഓടയിലേക്ക് ഇടുകയും ചെയ്തു. എന്നിട്ടും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്ന റിപ്പോർട്ട്. മനുവിന്റെ മൊഴി എടുത്തിട്ടും പൊലീസ് സംഭവം നിഷേധിക്കുകയാണ്